മഴക്കെടുതിക്ക് പിന്നാലെ കുടിവെള്ളക്ഷാമം; ജലവിതരണം മുടങ്ങും

മഴക്കെടുതിക്ക് പിന്നാലെ  എറണാകുളം, മലപ്പുറം  ജില്ലകളില്‍ കുടിവെള്ളക്ഷാമം. വെള്ളത്തിൽ ചെളിയുടെ അംശം കൂടുതലായതിനാല്‍ പമ്പിങ് നിര്‍ത്തിവച്ചതാണ് കാരണം . മലപ്പുറത്ത് നിന്ന് പാലക്കാടേക്കുള്ള പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ പാലക്കാട് നഗരത്തിലും കുടിവെള്ളം മുടങ്ങി. കുടിവെള്ളവിതരണം തടസപ്പെട്ട പ്രദേശങ്ങളില്‍ ആവശ്യമായ നടപടിസ്വീകരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി മാത്യു.ടി തോമസ് അറിയിച്ചു.  

പെരിയാറില്‍ നിന്ന് കൊച്ചി കോര്‍പറേഷന്‍ പ്രദേശത്ത് വെള്ളമെത്തിക്കുന്ന മൂന്നു പമ്പ് ഹൗസുകളില്‍ ഒന്നിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി. രണ്ടെണ്ണത്തിന് നിയന്ത്രണം ഏര്‍പ്പടുത്തി. കൊച്ചി കോര്‍പറേഷന്‍ പ്രദേശത്തും ആലുവ ജലശുദ്ധീകരണശാലയുടെ കീഴില്‍ വരുന്ന പ്രദേശത്തും മൂന്നുദിവസം ശുദ്ധജലവിതരണം മുടങ്ങും. പുഴയില്‍ ഇനിയും ജലനിരപ്പുയര്‍ന്നാല്‍ പമ്പ് ഹൗസില്‍ വെള്ളംകയറുമെന്ന സ്ഥിതിയാണ്.   

മൂവാറ്റുപുഴയുടെ പരിധിയില്‍ പെടുന്ന കുട്ടമ്പുഴ, കുട്ടമംഗലം, നേര്യമംഗലം, പിണ്ടിമന, കോട്ടപ്പടി എന്നിവിടങ്ങളിലും പമ്പിങ് നിര്‍ത്തി. മലപ്പുറം ജില്ലയിലെ 16 ശുദ്ധീകരണശാലകളിലെ പമ്പിങ് നിര്‍ത്തി. ചാലിയാർ പുഴയിലെ എട്ടും തൂതയിലെ മൂന്നും കടലുണ്ടി പുഴയിലെ നാലും ശുദ്ധീകരണപമ്പിങ്ങാണ് നിര്‍ത്തിവച്ചത്. 

ഭാരതപ്പുഴയിലെ ഒരു ശുദ്ധീകരണശാലയില്‍ നിന്നുള്ള പമ്പിങ് മുടങ്ങി. അരീക്കോട് പമ്പ് ഹൌസിൽ 1 മീ ഉയരത്തിൽ വെള്ളം കയറി. നിലമ്പൂർ പദ്ധതിയുടെ ശുദ്ധീകരണശാല മണ്ണിടിച്ചിൽ ഭീഷണിയിലാണ് . 

കടലുണ്ടിയില്‍ പാണ്ടിക്കാട് , കോഡൂർ, കൂട്ടിലങ്ങാടി എന്നിവിടങ്ങളിൽ  പമ്പിങ്ങ് നിർത്തി. തൂതപ്പുഴയിലെയും പമ്പിങ്ങ് മുടങ്ങിയിട്ടുണ്ട്. അതേസമയം  കുടിവെള്ളവിതരണം തടസപ്പെട്ട പ്രദേശങ്ങളില്‍ നടപടിസ്വീകരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സോട്ട് മാത്യു ടി.തോമസ്, ജലവിഭവമന്ത്രി

മലമ്പുഴയില്‍ നിന്നുളള കുടിവെളളത്തിന്റെ പ്രധാനപൈപ്പ്‌ലൈന്‍ വെളളത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നുപോയതിനാല്‍ പാലക്കാടും കുടിവെള്ളം മുടങ്ങും. പുതിയ പൈപ്പുലൈന്‍ പുനസ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.