വന്‍ പ്രളയം മുന്നില്‍; ഒന്നു പകച്ചു; രണ്ടും കൽപ്പിച്ച് പുഴ കടന്ന് ആന; വിഡിയോ

കലിയടങ്ങാതെയുള്ള വെള്ളത്തിന്‍റെ ശക്തിയുണ്ടാക്കിയ നാശനഷ്ടങ്ങള്‍ ചെറുതല്ല. ജീവന്‍ മാത്രം ബാക്കിയാക്കി കണ്‍മുമ്പിലുള്ളതെല്ലാം ഒലിച്ചുപോകുന്ന കാഴ്ചയാണ് ഉത്തരാഖണ്ഡിലും കാണുന്നത്. ദുരിതം വിതച്ചുള്ള പ്രളയത്തിനിടെയാണ് മറ്റൊരു കാഴ്ച ശ്രദ്ധയില്‍പ്പെടുന്നത്. കുത്തിയൊലിക്കുന്ന വന്‍ പ്രളയത്തിനു മുമ്പില്‍ കീഴടങ്ങാതെയായിരുന്നു ആനയുടെ രക്ഷപെടല്‍. ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ ആദ്യമൊന്നു പകച്ചു. പിന്നീട് പുഴ കടന്ന് ആന കാടിനുള്ളിലേക്ക് കയറി. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ ഗൗലാ നദീതീരത്തുവച്ചാണ് സംഭവം.

ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ സുരേന്ദര്‍ മെഹ്റയാണ് സംഭവത്തിന്‍റെ വിഡിയോ പങ്കുവച്ചത്. പ്രകൃതിയുമായി ഇണങ്ങിയ മൃഗങ്ങളെ കണ്ട് അതിശയിച്ചെന്നു സുരേന്ദര്‍ ട്വീറ്റ് ചെയ്തു. ഇതിനിടെ ദുരിതം വിതച്ചുള്ള പ്രളയത്തിൽ മരണം 47 ആയി ഉയർന്നു. നിരവധി പേരെ കണ്ടെത്താനുള്ളതിനാൽ മരണസംഖ്യ ഉയര്‍ന്നേക്കും. കുടുങ്ങിക്കിടക്കുന്ന വിനോദ സാഞ്ചാരികളെയും തീര്‍ത്ഥാടകരെയും രക്ഷപ്പെടുത്താനുള്ള വ്യോമസേനയുടെ ശ്രമം പുരോഗമിക്കുകയാണ്. നൈനിറ്റാൽ ജില്ല ഒറ്റപ്പെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം നഷ്ടപരിഹാരം മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രഖ്യാപിച്ചു. വിഡിയോ കാണാം.