വിളനാശം നേരിട്ടവര്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം പരിഗണനയില്‍: റവന്യൂമന്ത്രി

കുട്ടനാട്ടില്‍ സ്വാമിനാഥൻ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോള്‍ പോരായ്മകളോ പിടിപ്പുകേടോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. കുട്ടനാടിന്റെ ദുരവസ്ഥമാറ്റാന്‍ നടപടികളെടുക്കും. വിളനാശം നേരിട്ടകൃഷിക്കാര്‍ക്ക് പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും റവന്യൂ മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. 

പ്രളയദുരന്തം ഏറ്റവും കഠിനമായി ബാധിച്ചത് ആലപ്പുഴ ജില്ലയെയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള 57, 300 പേരില്‍ 48,473 പേരും ആലപ്പുഴജില്ലയിലാണ്. 405 ഹെക്ടര്‍കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തതില്‍ 204 ഹെക്ടറും ആലപ്പുഴജില്ലയിലാണ്. കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ കണക്കിലെടുക്കാതെ, സ്വാമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയെന്ന പരാതിയുണ്ട്.  വീഴ്ചകളുണ്ടായോ എന്ന് വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കും.

വെള്ളം പൂര്‍ണ്ണമായും ഇറങ്ങി വീടുകള്‍ ശുചിയാക്കുന്നത് വരെ ദുരിതാശ്വ ക്യാമ്പുകള്‍ തുടരും. പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചതിനാല്‍ വിളനാശം നേരിട്ടവര്‍ക്ക് പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കാനാവുമോ എന്ന് പരിശോധിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.