ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം; വീടുകളുപേക്ഷിച്ച് നാട്ടുകാർ

കൊച്ചി ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം. കടല്‍ കരയിലേക്ക് കയറിയതോടെ  കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ വീടുകളുപേക്ഷിച്ച് പോകേണ്ട സ്ഥിതിയാണ്. ഓഖി ചുഴലിക്കാറ്റുകഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കൊച്ചി ചെല്ലാനത്ത ദുരിതങ്ങള്‍ വിട്ടൊഴിയുന്നില്ല.കടല്‍ക്ഷോഭങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ ചെല്ലാനത്തേയ്ക്കാണ് യാത്ര.കേട്ടറിഞ്ഞതിനേക്കാള്‍ ഭയാനകമാണ് കൊച്ചി ചെല്ലാനത്തെ ജീവിതം. കടല്‍ ഭിത്തികളെ മറികടന്നെ് ഇരമ്പിയെത്തുന്ന കടല്‍ ഇവരെ കുത്തിനോവിക്കുകയാണ്.വര്‍ണ്ണപെന്‍സിലുകള്‍ പിടികേണ്ട ഈ അഞ്ച് വയസ്സുകാരിയുടെ കയ്യിലുള്ളത് പൊട്ടിയ ഓടിന്‍കഷ്ണം.  വീട്ടില്‍ നിറഞ്ഞ വെള്ളം ചാലുകീറി പുറത്തേക്കുവിടുന്ന അച്ചനെ സഹായിക്കുകയാണിവള്‍.കണ്ട മുഖങ്ങളിലെല്ലാം പരാതികളും സഹായത്തിനുവേണ്ടിയുള്ള അപേക്ഷകളും മാത്രം. കടല്‍ ഭിത്തികള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത തിരകള്‍, തിരമാലകളെ തടയാന്‍ സ്ഥാപ്പിച്ച ജിയോ ബാഗുകളുടെ നിലവിലെ സ്ഥിതി ഇതാണ്. വീടുകള്‍ക്കുള്ളിലും മണല്‍കൂനകള്‍. പ്രശ്ന പരിഹാരത്തിനായുള്ള വാഗ്ദാനങ്ങള്‍ നിരവധിയായിരുന്നു ഇവരുടെ സ്വപ്നങ്ങളും പക്ഷെ ഈ പാഞ്ഞടുക്കുന്ന തിരമാലകള്‍ അതെല്ലാം നശിപ്പിച്ചു. അധികാരികളുടെ വാഗ്ദാനങ്ങള്‍ക്ക് അതിനെ തടയാന്‍ കഴിഞ്ഞതുമില്ല.  ക്യാമറാമാന്‍ അഖില്‍ ദാസിനൊപ്പം എ കെ സ്റ്റെഫിന്‍ മനോരമ ന്യൂസ്, ചെല്ലാനം.