കോഴിക്കോട് കാപ്പാട് തീരത്ത് കടല്‍ഭിത്തി ഭാഗികമായി ഇളകിമാറി; ആശങ്ക

കടലാക്രമണം രൂക്ഷമായി തുടരുന്ന കോഴിക്കോട് കാപ്പാട് തീരത്ത് കടല്‍ഭിത്തി ഭാഗികമായി ഇളകിമാറിയത് ആശങ്ക കൂട്ടുന്നു. താഴ്ന്ന ഭാഗമായതിനാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയുണ്ട്. കുടിവെള്ള സംഭരണി അപകടാവസ്ഥയിലായതിനാല്‍ തീരത്തെ ജലവിതരണവും തടസപ്പെട്ടു. വിഡിയോ സ്റ്റോറി കാണാം. 

കടല്‍ഭിത്തി രണ്ട് മീറ്ററെങ്കിലും ഉയര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് വര്‍ഷത്തിലധികമായി ഒരേമട്ടിലുള്ള വാഗ്ദാനം മാത്രം നല്‍കി ഒന്നും നടപ്പാക്കാനാകാതെ ഉദ്യോഗസ്ഥര്‍. ഇതിനിടയിലാണ് രണ്ടിടങ്ങളില്‍ കടല്‍ഭിത്തി ഭാഗികമായി ഇളകിയത്. കടലാക്രമണം രൂക്ഷമായതിനാല്‍ കൂടുതല്‍ കേടുപാടിനുള്ള സാധ്യതയുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ കടല്‍ഭിത്തി പുനസ്ഥാപിച്ചില്ലെങ്കില്‍  അത്യാഹിതങ്ങള്‍ക്കിടയാക്കും. ജലനിധി പദ്ധതിയുടെ സംഭരണിയുള്‍പ്പെടെ ഇളകിമാറിയതിനാല്‍ കുടിവെള്ള വിതരണവും തടസപ്പെട്ടു. 

വീട് നഷ്ടപ്പെട്ടും ഭാഗികമായി കേടുപാടുണ്ടായതിനെയും തുടര്‍ന്ന് നാല്‍പ്പതിലധികം കുടുംബങ്ങളാണ് മാറിത്താമസിക്കുന്നത്. ബന്ധുവീടുകളിലാണ് ഭൂരിഭാഗം കുടുംബങ്ങളും അഭയം തേടിയത്. തീരമേഖലയില്‍ കോവിഡ് ബാധ രൂക്ഷമായതിനാല്‍ ക്യാംപുകളിലേക്ക് മാറുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിസന്ധിയുണ്ട്.