വാഗ്ദാനങ്ങളെല്ലാം പാഴായി; കടലാക്രമണവും രൂക്ഷം; ചെല്ലാനത്ത് പ്രതിഷേധം

കടലാക്രമണത്തിലും സര്‍ക്കാരിന്റെ പാഴ് വാഗ്ദാനങ്ങളിലും പൊറുതിമുട്ടിയ ചെല്ലാനം ജനത വീണ്ടും പ്രക്ഷോഭത്തിലേക്ക്. കടല്‍ക്ഷോഭം തുടരുന്ന പ്രദേശങ്ങളില്‍ താല്‍ക്കാലികമായി ജിയോ ട്യൂബുകളെങ്കിലും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനം ചാളക്കടവില്‍ ജനങ്ങള്‍ തീരദേശറോഡ് ഉപരോധിച്ചു. അറസ്റ്റ് ചെയ്ത് നീക്കിയ സമരക്കാരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.ചെല്ലാനം തീരദേശത്തെ ജനങ്ങളുടെ ദുരിതം സമാനതകളില്ലാത്തതാണ്. വര്‍ഷകാലമെന്നോ വേനലെന്നോ വ്യത്യാസമില്ലാതെ തീരത്തേക്ക് ആഞ്ഞടിച്ചെത്തുന്ന തിരമാലകളെ ഭയന്നാണ് ജീവിതം. 

രണ്ട് മാസം മുന്‍പെത്തിയ ടൗട്ടേ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളുടെ ആഘാത്തത്തില്‍ നിന്നും ഇവര്‍ കരകയറിയിട്ടില്ല. ടൗട്ടേക്ക് പിറകെ കടലാക്രമണത്തില്‍ നിന്നും ശാശ്വത പരിഹാരം ഉടനെന്ന വാഗ്ദാനവുമായി മന്ത്രിമാര്‍ നേരിട്ടെത്തി. അതും പാഴ്്വാക്കെന്ന് ബോധ്യമായതോടെയാണ് ഇവരിപ്പോള്‍ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. ചാളക്കടവ് പ്രദേശത്തുള്ള പ്രായമായ സ്ത്രീകളടക്കമാണ് രാവിലെ 7മുതല്‍  തീരദേശ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇറിഗേഷന്‍ വകുപ്പ് 2 കോടി മുടക്കി വാങ്ങിയ ജിയോ ബാഗുകളെങ്കിലും താല്‍ക്കാലികമായി ചാളക്കടവില്‍ സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഉപരോധക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാഞ്ഞതോടെ ഇവരെയെല്ലാം അറസ്റ്റ് ചെയ്തു നീക്കി. കടലാക്രമണത്തിന് ശാശ്വതപരിഹാരമെന്ന ആവശ്യവുമായി പ്രക്ഷോഭം കടുപ്പിക്കാന്‍ ഉറച്ച് തന്നെയാണ് ചെല്ലാനം ജനത.