കടലെടുത്തത് ഗൾഫ് മലയാളിയുടെ ആയുസിന്റെ സമ്പാദ്യം; 2പെൺമക്കളോടൊപ്പം വാടകവീട്ടിൽ

തുറമുഖ നിർമാണത്തിലെ അശ്രദ്ധ മൂലം കടലിലൊലിച്ചു പോയതു പാവപ്പെട്ട ഗള്‍ഫ് മലയാളി ഒരായുസ്സു മുഴുവൻ വിയർപ്പൊഴുക്കിയുണ്ടാക്കിയ സമ്പാദ്യം. ഉപ്പള മൂസോടി കടപ്പുറത്തെ മുഹമ്മദ് 25 കൊല്ലത്തോളം മരുഭൂമിയില്‍ ജോലി ചെയ്തു സമ്പാദിച്ച വീടും 64 സെന്റ് ഭൂമിയുമാണു നാലു വർഷത്തിനിടെ പൂർണമായും കടലെടുത്തു പോയത്.

കടലിൽ  നിന്ന് അരക്കിലോമീറ്ററിലേറെ ദൂരെ സുരക്ഷിതമെന്നു കരുതിയ സ്ഥലത്തു നിയമപരമായ അനുമതിയോടെ നിർമിച്ച വീട് കടൽ വിഴുങ്ങിയിട്ടും സർക്കാരിൽ‌ നിന്നു നയാപ്പൈസ നഷ്ടപരിഹാരമോ സഹായമോ കിട്ടിയിട്ടില്ല. ഭാര്യയെയും വിവാഹപ്രായമെത്തിയ രണ്ടു പെൺമക്കളെയും കൂട്ടി വാടകവീട്ടിൽ കഴിയുന്ന മുഹമ്മദിന് ഇനി ആരോടു സഹായം തേടണമെന്നും അറിയില്ല.

മുഹമ്മദിന്റേതുൾപ്പെടെ 10 വീടുകളാണ് ഈ ഭാഗത്തു കടലെടുത്തു പോയത്. നിർധന കുടുംബാംഗമായ മുഹമ്മദ് സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തു സ്വരുക്കൂട്ടിയ പണം കൊണ്ടാണ് എട്ടു കൊല്ലം മുൻപു വീടു വച്ചത്. ഇന്റർലോക്ക് പാകി മനോഹരമായൊരുക്കിയ കോൺക്രീറ്റ് വീട്ടിലെ താമസത്തിന്റെ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. മത്സ്യബന്ധന തുറമുഖത്തിനു വേണ്ടി സമീപത്തു കടലിൽ പുലിമുട്ട് (തിരകളുടെ ശക്തി കുറയ്ക്കാനുള്ള കരിങ്കൽഭിത്തി) നിർമിച്ചതോടെ ഒഴുക്കു തടസ്സപ്പെട്ടു തിരകൾ കരയിലേക്കു കയറി.

മുഹമ്മദിന്റെ വീട് സ്ഥിതി ചെയ്തിരുന്ന വടക്കു ഭാഗത്ത് 600 മീറ്ററോളമാണ് കടൽ കരയിലേക്കു കയറിയത്. അതേ സമയം തെക്കുഭാഗത്തു തിര കുറഞ്ഞ് കടൽ പിന്നോട്ടു പോയി കരയുടെ വിസ്തൃതി കൂടുകയും ചെയ്തു. രണ്ടു കൊല്ലം മുൻപു വീടും പറമ്പും പൂർണമായി കടലെടുത്തു പോയതോടെ ഭാര്യയ്ക്കും മക്കൾക്കും കിടപ്പാടം കണ്ടെത്താൻ മുഹമ്മദിനു ഗൾഫിലെ ജോലി ഉപേക്ഷിച്ചു പോരേണ്ടി വന്നു.

മജീർപ്പള്ളിയിലെ വാടകവീട്ടിലാണ് ഇപ്പോൾ താമസം. തുറമുഖത്തിന്റെ പണി തുടങ്ങുന്നതിനു മുൻപേ തീരത്തു കടൽഭിത്തി നിർമിച്ചിരുന്നെങ്കിൽ വീടുകളൊന്നും കടലെടുത്തു പോകുമായിരുന്നില്ലെന്നു മുഹമ്മദ് പറയുന്നു. മുഹമ്മദിന്റെ വീട് ഇരുന്ന സ്ഥലത്ത് ഇപ്പോൾ അതിന്റെ പൊടി പോലുമില്ല. തെങ്ങുകൾ നിറഞ്ഞിരുന്ന പുരയിടം ഏറെക്കുറെ പൂർണമായും കടലായി മാറി. 60 തെങ്ങുകളിൽ 4 എണ്ണമേ ബാക്കിയുള്ളൂ. നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു സർക്കാർ 10 ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും  7 മാസം കഴിഞ്ഞിട്ടും പണം കിട്ടിയില്ല.