കടലാക്രമണം രൂക്ഷം: വലിയപറമ്പ പഞ്ചായത്തിൽ സുരക്ഷാഭിത്തി നിർമിക്കണമെന്ന് ആവശ്യം

കടലാക്രമണം രൂക്ഷമായ കാസർകോട് വലിയപറമ്പ പഞ്ചായത്തിൽ കടലേറ്റം ചെറുക്കാൻ സുരക്ഷാഭിത്തി വേണമെന്ന ആവശ്യം ശക്തമാവുന്നു. കടൽ പ്രക്ഷുബ്ദമായാല്‍ സ്വന്തം വീടുകളില്‍ കഴിയാന്‍ സാധിക്കാതെ സ്ഥിരമായി മാറി താമസിക്കേണ്ട ഗതികേടിലാണ് വലിയപറമ്പിലെ കുടുംബങ്ങള്‍. 

ദ്വീപ് പഞ്ചായത്തായ വലിയപറമ്പിലെ കുടുംബങ്ങൾ കടലിനും കായലിനുമിടയിൽ ഭീതിയോടെയാണ് കഴിയുന്നത്. ആർത്തിരച്ചെത്തുന്ന തിരമാലകളില്‍പ്പെട്ട് വീടുകളും റോഡുകളും സ്ഥിരമായി തകരുന്നതാണ് ഇവിടുത്തെ പതിവ് കാഴ്ച. കഴിഞ്ഞ രണ്ടുദിവസങ്ങളിലായുള്ള കടലാക്രമണത്തില്‍ നിരവധി കുടുംബങ്ങളാണ് അപകടഭീഷണിയിലുള്ളത്. ദ്വീപിന്‍റെ വീതികുറഞ്ഞ പ്രദേശങ്ങളിൽ കടലും കായലും ഒന്നാകുന്നത് നാട്ടുകാരിൽ ഭീതി ഉയര്‍ത്തുന്നുണ്ട്. കന്നുവീട് കടപ്പുറം ഭാഗത്ത് അരക്കിലോമീറ്ററോളം തീരം കടലെടുത്തിട്ടുമുണ്ട്. പ്രശ്നം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പരമാവധി ഫണ്ട് സ്വരൂപിച്ച് പ്രതിരോധ സംവിധാനം ഒരുക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച എം.രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. 

വെള്ളം കയറിയും മാലിന്യങ്ങൾ അടിഞ്ഞുകൂടിയും ഇതുവഴിയുള്ള ഗതാഗതം പോലും ദുഷ്കരമായിരിക്കുകയാണ്. തുടരെത്തുടരെ ഉണ്ടാവുന്ന കടലാക്രമണത്തിൽ കടുത്ത ആശങ്കയിലാണ് തീരദേശ ജനത. കടലാക്രമണം ചെറുക്കാനായി ശാശ്വത പരിഹാരം വേണമെന്ന് ഇവരുടെ കാലങ്ങളായുള്ള ആവശ്യമാണ്.