കടല്‍ഭിത്തികൾ ഗുണം ചെയ്യുന്നില്ല; 70 ശതമാനം തീരങ്ങളും കടലാക്രമണ ഭീതിയില്‍

കേരളത്തിന്‍റെ 70 ശതമാനം തീരപ്രദേശവും കടുത്ത കടലാക്രമണ ഭീതിയില്‍. 63 ശതമാനം തീരത്തും കടല്‍ഭിത്തിയുണ്ടായിട്ടും ഗുണം ചെയ്യുന്നില്ലെന്ന കേന്ദ്ര പരിസ്ഥിതി വകുപ്പിന്‍റെ കണ്ടെത്തല്‍ അവഗണിക്കപ്പെടുന്നു . അതിഗുരുതര സാഹചര്യം നേരിടാന്‍ ശാസ്ത്രീയ പരിഹാരനടപടികള്‍ വേണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. 

   

ഇതേ കാഴ്ചതന്നെയാണ് കേരളത്തിന്‍റെ  580 കിലോമീറ്റര്‍ദൂരമുള്ള കടല്‍ത്തീരത്തിന്‍റെ 70 ശതമാനം പ്രദേശങ്ങളിലും കാണാനവുക. കാലവര്‍ഷമാകുന്നതോടെ സ്ഥിതി അതീവ ഗുരുതരമാകും. 63.3 ശതമാനം തീരത്തും കടല്‍ ഭിത്തിയോ പുലിമുട്ടോ  ഇട്ട് തിരകളെ തടയാനുള്ള നിര്‍മിതികളുണ്ട്. പക്ഷെ അതൊന്നും  ഫലം കാണുന്നില്ല. 

മണലുള്ള തീരമാകെ കടലെടുത്ത ശേഷം സമീപത്തെ റോഡുകളും കെട്ടിടങ്ങളും തിരവിഴുങ്ങും. തിരുവനന്തപുരത്തെ പൊഴിയൂര്‍, എറണാകുളത്തെ ചെല്ലാനം തീരങ്ങളിലായിരുന്നു ഏപ്രില്‍ മേയ് മാസത്തെ മഴയിലും കാറ്റിലും  ഏറ്റവും വലിയ കടല്‍കയറ്റം ഉണ്ടായത്.

സംസ്ഥാനത്തെ 350 കിലോമീറ്റര്‍ കടല്‍തീരം ഇടിഞ്ഞു തീരുകയാണെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പിന്‍റെ പഠനം പറയുന്നു. തിരുവനന്തപുരം ജില്ലയുടെ 23 ശതമാനം തീരവും അതിഭീകരമായ കടല്‍കയറ്റവും തീരനാശവും നേരിടുകയാണ്. 

അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനം, തീരസംരക്ഷണത്തിന് കടല്‍ഭിത്തിയും പുലിമുട്ടുമാണ് ശാശ്വത പരിഹാരമെന്ന തെറ്റായ സര്‍ക്കാര്‍നിലപാട് എന്നിവ കടലും പുഴകളും കായലും ചേര്‍ന്ന കേരളത്തിന്‍റെ തീരആവാസവ്യവസ്ഥയെ അപ്പാടെ തകര്‍ക്കുകയാണ്. തീരപ്രദേശത്തു ജീവിക്കുന്ന ഒരുകോടി ജനങ്ങളും അവരുടെ ജീവിതവുമാണ് കടല്‍കവര്‍ന്നുകൊണ്ടുപോകുന്നത്.