നവതി നിറവില്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ

നവതി നിറവില്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ . വയസ് തൊണ്ണൂറു പിന്നിടുമ്പോഴും കര്‍മരംഗത്ത് നിറഞ്ഞു നില്‍ക്കുകയാണ് യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ . സഭ അധ്യക്ഷ സ്ഥാനമൊഴിയാന്‍ സന്നദ്ധതയറിയിച്ച്  കത്തു നല്‍കിയതായി നവതി ആഘോഷവേളയില്‍ മനോരമ ന്യൂസിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കാതോലിക്ക ബാവ വെളിപ്പെടുത്തി. ചെയ്തു തീര്‍ക്കാന്‍ ഇനിയുമൊരുപാടുണ്ടെന്ന ഈ ചിന്തയാണ് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയെ തൊണ്ണൂറാം വയസിലും മുന്നോട്ടു നയിക്കുന്നത്. അപസ്മാര രോഗിയായിരുന്ന മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന അമ്മയുടെ പ്രാര്‍ഥനയാണ്  വൈദിക വൃത്തിയിലേക്ക് തിരിയാന്‍ ആ മകന് പ്രേരണയായതും. രോഗവും പ്രാര്‍ഥനയും നിറഞ്ഞ കുട്ടിക്കാലവും,നാലാം ക്ലാസില്‍ മുടങ്ങിപ്പോയ വിദ്യാഭ്യാസവും,ആട്ടിടയനായും അഞ്ചലോട്ടക്കാരനായുമൊക്കെ ജോലി ചെയ്ത കാലത്ത് നേടിയ ജീവിതാനുഭവങ്ങളെ കുറിച്ചുമെല്ലാം ഇന്നും തെളിഞ്ഞ ഓര്‍മയുണ്ട് ബാവയ്ക്ക്.

അചഞ്ചലമായ പ്രാര്‍ഥനയ്ക്കൊപ്പം ചിട്ടയായ ജീവിതചര്യ കൂടിയാണ് വാര്‍ധക്യത്തിന്‍റെ അവശതകളെ മറികടന്നും കര്‍മരംഗത്ത് തന്നെ സജീവമാക്കുന്നതെന്ന്  ബാവ പറയുന്നു. ജീവിത വഴിയില്‍ തൊണ്ണൂറു വയസു പിന്നിടുന്നതിനൊപ്പം വൈദികവൃത്തിയില്‍ ആറു പതിറ്റാണ്ട് പൂര്‍ത്തീകരിക്കുന്ന വര്‍ഷം കൂടിയാണ് ബാവയ്ക്ക് 2018 . തൊണ്ണൂറാണ്ടത്തെ ജീവിതത്തില്‍ തൃപ്തനെങ്കിലും അവസാനിക്കാതെ തുടരുന്ന സഭാ തര്‍ക്കത്തിന്‍റെ വേദന വേട്ടയാടുന്നുണ്ടെന്ന് ബാവ തുറന്നു സമ്മതിച്ചു. വിട്ടുവീഴ്ചകളോടെയുളള ചര്‍ച്ചയിലൂടെയല്ലാതെ കോടതി ഉത്തരവു കൊണ്ട് സഭ തര്‍ക്കം അവസാനിക്കില്ലെന്നും യാക്കോബായ സഭ പരമാധ്യക്ഷന്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു.

സഭാധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധതയറിയിച്ച് പരിശുദ്ധ പാത്രിയാര്‍ക്കീസിന് കത്തു നല്‍കിയെന്ന കാര്യവും ഇതാദ്യമായി   ബാവ വെളിപ്പെടുത്തി.   പിന്‍ഗാമിയാരായാലും അജപാലനവഴിയില്‍  വിശ്രമമില്ലാതെ താന്‍ ഉണ്ടാകുമെന്നും തൊണ്ണൂറാം പിറന്നാള്‍ വേളയില്‍ ബാവ പറഞ്ഞു വയ്ക്കുന്നു.