പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് എസ്ഡിപിഐയുടെ വധഭീഷണി

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കുന്നതായി പരാതി. മിശ്രവിവാഹിതരായ നവദമ്പതികളാണ് ജീവന് സംരക്ഷണം വേണമെന്ന് ആവശ്യവുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഭീഷണിയെക്കുറിച്ച് അന്വേഷിക്കുന്നതായി ആറ്റിങ്ങല്‍ പൊലീസ് അറിയിച്ചു. 

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍  കെവിന്റെ ഗതികേട് ഞങ്ങള്‍ക്കുണ്ടാകരുത്, രക്ഷിക്കണമെന്ന അപേക്ഷയോടെയാണ് നവദമ്പതികളുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആറ്റിങ്ങല്‍ സ്വദേശിയും ക്രിസ്ത്യന്‍ വിശ്വാസിയുമായ ഹാരിസണ്‍ ഹാരിസും കണ്ണൂര്‍ വളപട്ടണം സ്വദേശിയും ഇസ്ളാം മതവിശ്വാസിയുമായ ഷഹാനയുമാണ് രണ്ട് ദിവസം മുന്‍പ് വിവാഹിതരായത്. ഇതിന് പിന്നാലെ കണ്ണൂരില്‍ നിന്നുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരടക്കം ഫോണിലൂടെ വധഭീഷണി മുഴക്കുന്നൂവെന്നാണ് പരാതി.

ഹാരിസണിന്റെ അമ്മയുടെ സ്വന്തം സഹോദരിയുടെ മകളാണ് ഷഹാന. ഫോണില്‍ വിളിച്ചത് ഷഹാനയുടെ പിതാവ് അടക്കമുള്ള ബന്ധുക്കളാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഭീഷണിയുണ്ടെങ്കില്‍ കേസെടുക്കുമെന്നും പറയുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം ഇരുവരും എവിടെയാണെന്ന് ഹാരിസണിന്റെ വീട്ടുകാര്‍ക്കും അറിയില്ല.