കേന്ദ്രത്തിന്റെ വാഹൻ സാരഥി റോഡ് സുരക്ഷയ്ക്ക് ഭീഷണിയെന്ന് സംസ്ഥാനം

ആര്‍ ടി ഓഫീസുകള്‍ക്ക് വേണ്ടിയുള്ള കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ  പുതിയ സോഫ്റ്റ് വെയര്‍ വാഹന്‍ സാരഥി റോഡ് സുരക്ഷക്ക് ഭീഷണിയെന്ന് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്. സോഫ്റ്റ് വെയറിലെ പിഴവുകള്‍ പരിഹരിക്കാന്‍ സംസ്ഥാനങ്ങളുടെ  യോഗം വിളിക്കണമെന്ന് ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ കെ.പദ്മകുമാര്‍ ആവശ്യപ്പെട്ടു. പരീക്ഷണാടിസ്ഥാനത്തില്‍ കുടപ്പനകുന്ന് ,ആലപ്പുഴ,കരുനാഗപ്പള്ളി എന്നീ ആര്‍ ടി ഒൗഫീസുകളില്‍ നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന്റെ  വാഹന്‍ സാരഥി സോഫ്റ്റ് വെയര്‍ റോഡ് സുരക്ഷക്ക് ഭീഷണിയാണെന്നാണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്റെ വാദം.  ഓട്ടോറിക്ഷ ഓടിക്കാന്‍ മാത്രമറിയുന്നവര്‍ക്ക് മുചക്രവാഹനത്തിന്റെ ലൈസെന്‍സാണ് ഇപ്പോള്‍ നല്‍കുന്നത്. . എന്നാല്‍ വാഹന്‍ സാരഥിയില്‍ ആ വിഭാഗം ഒഴിവാക്കി. പകരം കാര്‍ ഓടിക്കാന്‍ കഴിയുന്ന ലൈസെന്‍സാണ് നല്‍കുക.  7500 കിലോയ്ക്ക് മുകളിലുള്ള ഏതു  വാഹനം ഓടിക്കുന്നവര്‍ക്കും ഒറ്റ ലൈസെന്‍സാണ് നല്‍കുന്നത് എന്നതാണ് മറ്റൊരു പോരായ്മ. കേരളത്തിന്റെ മോട്ടോര്‍ വാഹന നികുതി ഘടനയും വാഹന്‍സാരഥിയിലില്ല. പരീക്ഷണാടിസ്ഥാനത്തില‍് നടപ്പിലാക്കിയടത്ത് വാഹന സാരഥി വഴി  ലേണേഴ്സും പുതിയ ലൈസെന്‍സും മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. സോഫ്റ്റ് വെയര്‍ സംസ്ഥാനത്തിന്റെ താലപര്യത്തിന് അനുസരിച്ച് മാറ്റിയില്ലെങ്കില്‍ നിലവിലെ സോഫ്റ്റ് വെയര്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.