മീൻ പിടിക്കാൻ മണ്ണിര വേണ്ട; പകരം പൊരിച്ച കോഴിയും നെയ്ച്ചോറും: പുതിയ തന്ത്രം

നാട്ടിൻ പുറത്ത് ഒരു കാലത്ത് സമൃദ്ധമായ കാഴ്ചയായിരുന്നു മണ്ണിരകൾ‌. ഒരു തൂമ്പയെടുത്ത് പറമ്പിൽ കളച്ചാൽ മീൻ പിടിക്കാനുളള മണ്ണിര റെഡി. ചെമ്മീൻ ചെറിയ പൊടിമീനുകൾ ഇവയേയും ഇരയിൽ കോർത്തായിരുന്നു മീൻപീടുത്തം. എന്നാൽ കാലം പോകും തോറും മണ്ണിര കിട്ടാകനിയായി. ഇന്ന് പറമ്പു മുഴുവൻ കളച്ചാലും മണ്ണിരയെന്ന ജീവിയെ കണ്ടെത്തൽ പ്രയാസമായതോടെ പുതിയ തന്ത്രം പരീക്ഷിക്കുകയാണ് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. തോടുകളിൽനിന്നു പിടിക്കുന്ന കാടൻ എന്ന ചെറുമത്സ്യത്തെ ഇരയായി ഉപയോഗിച്ചാണു പുഴയിലെ ഏറ്റവും വലിയ മീനുകളിൽ ഒന്നായ ചെമ്പല്ലിയെ പിടിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പൊരിച്ച കോഴി ഉപയോഗിച്ചാണു ചെമ്പല്ലിയെ പിടിക്കുന്നതത്രെ.

പടന്നാക്കാട്ടെ ഉൾനാടൻ മത്സ്യത്തൊഴിലാളിയായ നാരായണൻ ഇത്തരത്തിൽ പൊരിച്ച കോഴി ചൂണ്ടയിൽ കോർത്തു കഴിഞ്ഞ ദിവസം പിടിച്ചെടുത്തതു വലിയ ചെമ്പല്ലിയെയാണ്. പുതിയ തന്ത്രം വിജയമായതോടെ പലരും ഇത്തരത്തിൽ മത്സ്യം പിടിക്കാൻ ഇറങ്ങിക്കഴിഞ്ഞു. നെയ്ച്ചോറ്‍ ഉണ്ടയാക്കി ചൂണ്ടയിൽ കോർത്തു പുഴയിലിട്ടാൽ കച്ചായി എന്ന മത്സ്യം എളുപ്പത്തിൽ പിടിക്കാൻ കഴിയുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. 

പുഴയോരങ്ങളിലെ ഗ്രാമങ്ങളിൽ വിവാഹം ഉൾപ്പെടെയുളള ചടങ്ങുകളിൽ ബാക്കി വരുന്ന ഭക്ഷണസാധനങ്ങൾ പുഴയിലേയ്ക്ക് വലിച്ചെറിയുന്നത് നിത്യകാഴ്ചയാണ്. ഇത്തരം ഭക്ഷണം സാധനങ്ങൾ മീനുകൾ കൂട്ടത്തോടെ ഭക്ഷിക്കാൻ തുടങ്ങിയതോടെയാണ് ഇറച്ചി ഉപയോഗിച്ചുളള മീൻപീടുത്തം എന്ന ആശയം ഉരുതിരിഞ്ഞത്. അതേസമയം, ഒരു കാലത്ത് മണ്ണിര ഉപയോഗിച്ചു പിടിച്ചിരുന്ന മാലൻ പോലുള്ള മത്സ്യങ്ങളെ ഇപ്പോൾ മൈദ ഉപയോഗിച്ചാണു പിടിക്കുന്നത്. മൈദ ഉണ്ടയാക്കി ചൂണ്ടയിൽ കോർത്ത് ഈ മത്സ്യങ്ങളെ എളുപ്പത്തിൽ പിടിക്കാൻ കഴിയുന്നുണ്ടത്രേ. അതിനിടെ വർഷകാലത്തു പുഴകളിൽ കലങ്ങിയ വെള്ളം ഒഴുകിയെത്തിയാൽ സാധാരണ വരാറുള്ള മഞ്ഞളേട്ട, പുല്ലൻ തുടങ്ങിയ മത്സ്യങ്ങൾ ഇപ്പോൾ കാണുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.