താമരശേരി ചുരത്തിലൂടെയുള്ള സർവീസുകൾ ഞായറാഴ്ച പുനസ്ഥാപിക്കും

താമരശേരി ചുരത്തിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ പൂര്‍ണമായും പുനസ്ഥാപിക്കും. എന്നാല്‍ ചരക്കുവാഹനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. കോഴിക്കോടിന്റെ ചുമതലയുള്ള മന്ത്രി ടി.പി രാമകൃഷ്ണനും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും ചുരത്തില്‍ സന്ദര്‍ശനം നടത്തി അറ്റകുറ്റപ്പണികള്‍ വിലയിരുത്തി.  ഇടിഞ്ഞ റോഡിന്റെ വശത്തുള്ള വനഭൂമി കൂടി ഉപയോഗപ്പെടുത്തിയാണ് താല്‍ക്കാലിക ഗതാഗതസംവിധാനം. എന്നാല്‍ ഇവിടെ ടാറിങ് നടത്താന്‍ വനം വകുപ്പ് അനുമതി നല്‍കിയിട്ടില്ല. ടാറിങില്ലാതെ തന്നെ കെഎസ്ആര്‍ടിസി ബസുകള്‍ കടത്തിവിടാനാണ് തീരുമാനം. ഒരു സമയം ഒരു ദിശയിലേക്കായിരിക്കും ബസുകള്‍ കടത്തിവിടുക.ചരക്ക് വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. ചെറിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം.

ചുരം അറ്റകുറ്റപ്പണികള്‍ക്കുള്ള പ്രംരംഭപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.മണ്ണിനടിയില്‍ പാറയുണ്ടെങ്കില്‍ മാത്രമേ സംരക്ഷണഭിത്തികള്‍ കെട്ടാനാകൂ. അടിഭാഗത്തുള്ള മണ്ണിന്റെ ഘടനയും പരിശോധിക്കണം.ചുരം ഗതാഗതം സാധാരണനിലയിലാകാന്‍ ചുരുങ്ങിയത് ഒന്നരമാസമെങ്കിലുമെടുക്കുമെന്നാണ് സൂചന.