കമ്പനി-കോർപറേഷൻ അസിസ്റ്റന്റ് പി.എസ്.സി കാലാവധി അവസാനിക്കുന്നു

കമ്പനി-കോർപറേഷൻ അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള പി.എസ്.സി പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ നല്‍കാനുള്ള സമയപരിധി ഞായറാഴ്ച സമാപിക്കും. രണ്ടുവിഭാഗങ്ങളിലായി പന്ത്രണ്ട് ലക്ഷംപേര്‍ അപേക്ഷിച്ചെങ്കിലും ഇതുവരെ കണ്‍ഫര്‍മേഷന്‍ നല്‍കിയത് നാലുലക്ഷത്തി ഇരുപത്തിമൂവായിരം പേര്‍മാത്രം.

കമ്പനി–കോർപറേഷൻ–ബോർഡ് അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള എഴുത്തുപരീക്ഷ ജൂ‌ൺ ഒൻപതിനാണ്. പരീക്ഷയെഴുതുമെന്ന് ഒാണ്‍ലൈന്‍വഴി ഉറപ്പുനല്‍കാനുള്ള സമയപരിധി ഞായറാഴ്ച സമാപിക്കും.  ഈ സമയപരിധിക്കകം പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ ഒറ്റത്തവണ റജിസ്ട്രേഷൻ വഴി നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. രണ്ട് കാറ്റഗറികളിലായി പതിനൊന്ന് ലക്ഷത്തി തൊണ്ണൂറ്റെട്ടായിരം  പേരാണ് അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷിച്ചത്. ഒന്നിച്ച് അപേക്ഷ ക്ഷണിച്ചിരുന്നതിനാൽ ഒരേ ഉദ്യോഗാർഥികൾ തന്നെയാണ് രണ്ട് കാറ്റഗറികളിലും അപേക്ഷ നൽകിയിരിക്കുന്നത്. അതിനാൽ യഥാർഥ അപേക്ഷകർ ആറു ലക്ഷമേ വരൂ.  

പിആർഡിയിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ, ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ ജൂനിയർ അസിസ്റ്റന്റ് പരീക്ഷയും  ഇതോടൊപ്പം നടത്തും. ഇതിലേക്ക് എഴുപതിനായിരത്തോളം പേർ അപേക്ഷ നൽകിയിട്ടുണ്ട്. നാലു കാറ്റഗറികളിലുമായി ആറുലക്ഷത്തി എഴുപതിനായിരം   അപേക്ഷകരുണ്ടെങ്കിലും  നാലുലക്ഷത്തി ഇരുപത്തിമൂവായിരം  പേർ മാത്രമാണ് ഇതുവരെ  പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയത്. ബാക്കി രണ്ടര ലക്ഷത്തോളം പേർ ഇതുവരെ കൺഫർമേഷൻ നൽകിയിട്ടില്ല. ഇവർ 20നകം കൺഫർമേഷൻ നൽകിയില്ലെങ്കിൽ പരീക്ഷ എഴുതുന്നതിനുള്ള അവസരം നഷ്ടമാകുമെന്ന് പിഎസ്‌സി അധികൃതർ അറിയിച്ചു. പി.എസ്.സി ആദ്യമായി ഒാണ്‍ലൈന്‍ കര്‍ഫര്‍മേഷന്‍ സംവിധാനം ഏര്‍പ്പടുത്തിയ സിവില്‍ പൊലീസ് ഒാഫിസര്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ രണ്ടുലക്ഷംപേര്‍ ഒഴിവായി. ആറുലക്ഷത്തി അറുപതിനായിരം പേരാണ് അപേക്ഷിച്ചിരുന്നത്.