ഉമ്മൻ ചാണ്ടിക്കെതിരായ സരിതയുടെ പരാതി: കത്തിൽ തട്ടി അന്വേഷണം വഴിമുട്ടി

സരിതയുടെ കത്തിനെ തെളിവായി സ്വീകരിക്കാനാവി‌ല്ലെന്ന ഹൈക്കോടതി വിധിയോടെ ഉമ്മൻ ചാണ്ടിക്കെതിരായ പ്രത്യേകസംഘത്തിന്റെ അന്വേഷണം പ്രതിസന്ധിയിൽ. മുഖ്യ തെളിവായി പറഞ്ഞിരുന്ന കത്ത് ഇല്ലാതായതോടെ അന്വേഷണം തുടരാനാകുമോയെന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. എന്നാൽ സരിത എഴുതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാനാണ് തീരുമാനം. 

ഉമ്മൻ ചാണ്ടിയടക്കമുള്ളവർക്കെതിരെ മാനഭംഗത്തിന് ക്രിമിനൽ കേസും അഴിമതിക്ക് വിജിലൻസ് കേസും എടുക്കുന്നതിന് മുന്നോടിയായുള്ള അന്വേഷണത്തിനാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. മാനഭംഗത്തിന്റെ മുഖ്യ തെളിവായ കത്ത് ഇല്ലാതായതോടെ എന്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കുമെന്നതാണ് പ്രധാന പ്രതിസന്ധി. എന്നാൽ കമ്മീഷൻ റിപ്പോർട്ട് വന്നതിന് ശേഷം, പീഡന ആരോപണം ഉന്നയിച്ച് സരിത മുഖ്യമന്ത്രിക്ക് പുതിയ ഒരു പരാതി നൽകിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും അതിന് കോടതി ഉത്തരവ് തടസമല്ലെന്നുമാണ് സർക്കാരിന്റെ വാദം. ഇതിന്റെ ഭാഗമായി സരിതയുടെ മൊഴിയെടുത്തപ്പോൾ  പരാതിയിൽ ഉറച്ച് നിൽക്കുന്നതിനാൽ അന്വേഷണാ തുടരുമെന്നും പറയുന്നു. എന്നാൽ പ്രത്യക സംഘത്തെ രൂപീകരിച്ച സർക്കാർ ഉത്തരവിലും നിയമസഭാ രേഖയിലും പറയുന്നത് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാനാണ്.

അതിനായി രൂപീകരിച്ച സംഘത്തിന് പുതിയ പരാതി അന്വേഷിക്കുന്നതിൽ നിയമ തടസമുണ്ട്. കൂടാതെ സരിതയുടെ കത്തിന് വിശ്വാസ്യതയില്ലന്ന് അന്വഷണ സംഘത്തലവനായിരുന്ന ഡി.ജി.പി രാംജഷ് ദിവാൻ തുടക്കം മുതൽ നിലപാടെടുത്തിരുന്നു.  കോടതിയും ഇത് ശരിവച്ചതോടെയാണ്  നിലവിലെ സ്ഥലം പൂർണമായും  ആശയക്കുഴപ്പത്തിലായത്.