സോളർ മാനനഷ്ടക്കേസ്: സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ ഉത്തരവ്

സോളർ വിവാദവുമായ ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡിഷനൽ ജില്ലാ കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം അഡിഷനൽ ജില്ലാ കോടതിയാണു കേസ് പരിഗണിക്കുന്നത്.സോളർ അഴിമതിയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് 10.10 ലക്ഷം രൂപ വി.എസ്.അച്യുതാനന്ദൻ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി ഉത്തരവ് ജില്ലാ കോടതി സ്റ്റേ ചെയ്‌തിരുന്നു. നഷ്‌ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി.എസ്.അച്യുതാനന്ദനാണ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയത്.ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂലൈ ആറിനു ചാനൽ അഭിമുഖത്തിലാണ് അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ നടത്തിയ പരാമർശങ്ങളാണ് കോടതി കയറിയത്.സരിത നായരുടെ മറവിൽ ഉമ്മൻ ചാണ്ടി സോളർ കമ്പനി രൂപീകരിച്ചെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നുമായിരുന്നു പരാമർശം.