സരിത റിമാന്‍ഡില്‍; ജാമ്യ ആവശ്യം തള്ളി; കണ്ണൂര്‍ ജയിലിലേക്ക് മാറ്റും

സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത എസ്.നായരെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഈമാസം 27ന് കേസ്  വീണ്ടും പരിഗണിക്കും. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദില്‍ നിന്ന് 42. 7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് സരിതയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റും.  

തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്താണ് സരിത എസ്. നായരെ കസബ പൊലിസ് കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയത്. സരിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. പലതവണ ആവശ്യപ്പെട്ടിട്ടും സരിത ഹാജരാകാതിരുന്നത് കോടതി ചൂണ്ടിക്കാട്ടി. സമാനമായ തട്ടിപ്പുകേസുകള്‍ വേറെയും ഉള്ളതിനാല്‍ ജാമ്യം നല്‍കാനാകില്ലെന്നും നിലപാടെടുത്തു. വീട്ടിലും ഓഫിസിലും സോളാര്‍ പ്ലാന്‍റ് സ്ഥാപിക്കാനായി കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജിദില്‍ നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കേസില്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

ഇതിനെതിരെയുള്ള സരിതയുടെ ഹര്‍ജിയില്‍ അറസ്റ്റ് രണ്ടാഴ്ച്ചത്തേയ്ക്ക് ഹൈക്കോടതി തടഞ്ഞ‌ിരുന്നു. ഈ കാലാവധിയും കഴിഞ്ഞതോടെയാണ് സരിതയെ അറസ്റ്റ് ചെയ്യാന്‍ കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണർ എ.വി. ജോര്‍ജിന് കോടതി നിര്‍ദേശം നല്‍കിയത്. കേസില്‍ രണ്ടാം പ്രതിയാണ് സരിത എസ്. നായര്‍. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും മൂന്നാം പ്രതി മണിമോനുമാണ്.