പുതിയ അധ്യക്ഷന്‍ ഉടനെന്ന് ചെന്നിത്തല; എല്ലാം ‘ആഗ്രഹ’ പേരുകാരെന്ന് ഹസന്‍

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചു. പ്രഖ്യാപനം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് വേണമോയെന്നത് രാഹുല്‍ തീരുമാനിക്കുമെന്നും രാഹുലിനെ സന്ദര്‍ശിച്ചശേഷം ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.  

കെപിസിസി പ്രസിഡന്‍റാകുമെന്ന് കേള്‍ക്കുന്ന ചില പേരുകള്‍ ചിലരുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെന്ന് എം.എം.ഹസനും പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് എന്നനിലയില്‍ ഗ്രൂപ്പുകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞു. സംഘടനാതലത്തില്‍ നിര്‍ജീവമായ ബുത്തുകള്‍ സജീവമാക്കാനായെന്നും ഹസന്‍ കോട്ടയത്ത് പറഞ്ഞു. 

പുതിയ പ്രസിഡന്‍റിനെ തേടിയുള്ള ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടിയും ഇന്നലെ രാഹുലിനെ കണ്ടിരുന്നു. കെ.സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍, വിഡി സതീശന്‍, പിസി വിഷ്ണുനാഥ് തുടങ്ങിയവരുടെ പേരുകളാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.