തൊഴിൽമേളയിൽ‍ ബിജെപി നേതാക്കൾ വേദിയിൽ; പ്രതിഷേധവുമായി സിപിഎമ്മും കോൺഗ്രസും

കേന്ദ്ര തൊഴിൽ‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂരിൽ‍ നടത്തിയ മെഗാ തൊഴിൽമേളയ്ക്കെതിരെ ഇടത്-വലത് പാർട്ടികൾ പരാതിയുമായി രംഗത്ത്. ബി.ജെ.പി  സ്ഥാനാർഥി പി.എസ്. ശ്രീധരൻ‍പിള്ളയും നേതാക്കളും വേദി പങ്കിട്ടതിനെതിരെ സിപിഎമ്മും കോൺഗ്രസും കലക്ടർക്ക് പരാതി നൽകി.

  

കേന്ദ്ര തൊഴില്‍ മന്ത്രാലയവും ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ‍ നേതൃത്വത്തിലുള്ള സൈൻ  എന്ന സംഘടനയും ചേർന്നാണ് മേള സംഘടിപ്പിച്ചത്. 54 കമ്പനികള്‍ പങ്കെടുത്തിയ മേളയില്‍ പതിനായിരത്തിലധികം ആളുകള്‍ ജോലി തേടിയെത്തിയിരുന്നു. പി. എസ്.ശ്രീധരൻ പിള്ള,  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമന്‍ തുടങ്ങി ജില്ലാ മണ്ഡലം നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.

തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമാക്കി മാറ്റിയെന്നാണ് പരാതി. എം.പി. കൊടിക്കുന്നില്‍ സുരേഷിനെപ്പോലും പരിപാടിയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. ആരോപണം സംഘാടകർ നിഷേധിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാത്ത സാഹചര്യത്തില്‍ തൊഴിൽ മേള നടത്തിയതിൽ നിയമപരമായി തെറ്റില്ലെന്നും ബി.ജെ.പി വിശദീകരിക്കുന്നു.