വിഴിഞ്ഞം പദ്ധതിക്ക് സമയപരിധി നീട്ടിനൽകണമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖപദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കത്തയച്ചു. ഓഖി ചുഴലിക്കാറ്റില്‍ ഡ്രഡ്ജറുകള്‍ക്ക് നാശനഷ്ടമുണ്ടായതാണ് വൈകുന്നതിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. കത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തില്ല.

കരാര്‍ പ്രകാരം അടുത്ത ഡിസംബറില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പണി പൂര്‍ത്തിയാകേണ്ടതാണ്. എന്നാല്‍ ഈ സമയത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും കൂടുതല്‍ സമയം വേണം എന്നും ആവശ്യപ്പെട്ടാണ് അദാനി സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. നവംബര്‍ അവസാനം അഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ പദ്ധതി പ്രദേശത്ത് ഡ്രജിങ് നടത്തിക്കൊണ്ടിരുന്ന രണ്ട് ഡ്രജറുകളും തകര്‍ന്നു എന്ന് കത്തില്‍ പറയുന്നു. ഇതുവരെ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചെന്നും അദാനിയും ഉപകരാറുകാരായ ഹോവെ കമ്പനിയും അറിയിച്ചു. നഷ്ടപരിഹാരമായി 100 കോടിരൂപ വേണമെന്നാണ് ഹോവെ അദാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡിസംബര്‍ കഴിഞ്ഞാലും 16 മാസം കൂടി വേണം പദ്ധതി പൂര്‍ത്തിയാക്കാനെന്നും അദാനി ഗ്രൂപ്പ് കത്തില്‍ പറയുന്നു.  പാറക്കല്ല് ക്ഷാമം നിര്‍മാണപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയ കാര്യം കത്തില്‍ പറഞ്ഞിട്ടുമില്ല. 

പദ്ധതി സമയത്തിന് പൂര്‍ത്തിയാക്കാതിരുന്നാല്‍ സര്‍ക്കാരിന് നല്‍കേണ്ടിവരുന്ന നഷ്ടപരിഹാരത്തില്‍ നിന്ന് രക്ഷപെടാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. കാലാവധി കഴിഞ്ഞുള്ള ഓരോദിവസവും 12 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടി വരിക. പ്രകൃതിക്ഷോഭം മൂലമാണ് പദ്ധതി വൈകുന്നതെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ട. സര്‍ക്കാര്‍ നിയോഗിച്ച സ്വതന്ത്രഎന്‍ജിനീയര്‍മാരുടെ പരിശോധനറിപ്പോര്‍ട്ട് പരിഗണിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കൂ. വിഴിഞ്ഞം പദ്ധതി സമയത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും ഓഖി പദ്ധതി പ്രദേശത്ത് കനത്തനാശനഷ്ടം വിതച്ചെന്നും അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ് ഝാ നേരത്തെ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.