തമിള്‍ റോക്കേഴ്സുകാര്‍ കേരളത്തില്‍ പിടിയില്‍; കോടികള്‍ കൊയ്തെന്ന് പൊലീസ്

സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്ന മുഖ്യ സൈറ്റായ തമിള്‍ റോക്കേഴ്സിന്റെ പ്രധാന നടത്തിപ്പുകാരനടക്കം അഞ്ച് തമിഴ്നാട്ടുകാര്‍ പിടിയില്‍. 

പുലിമുരുകനും രാമലീലയും അടക്കം ഭൂരിഭാഗം സിനിമകളും ഇന്റര്‍നെറ്റിലെത്തിച്ച സംഘമാണ് കേരള പൊലീസിന്റെ ആന്റി പൈറസി സെല്ലിന്റെ പിടിയിലായത്. അഞ്ച് വര്‍ഷംകൊണ്ട് സിനിമ പ്രദര്‍ശിപ്പിച്ച് കോടികള്‍ സമ്പാദിച്ചതായി തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റിലെത്തുന്നത് മലയാള സിനിമ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. തമിള്‍റോക്കേഴ്സിലായിരുന്നു ഭൂരിഭാഗം സിനിമകളുമെത്തിയിരുന്നത്. ഇതിന്റെ മുഖ്യനടത്തിപ്പുകാരനായ ചെന്നൈ വില്ലുപുരം സ്വദേശി കാര്‍ത്തിയും കൂട്ടാളികളായ പ്രഭു, സുരേഷ് എന്നിവരാണ് അറസ്റ്റിലായതില്‍ പ്രധാനികള്‍.. തമിഴ്സിനിമകള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ഡിവിഡി റോക്കേഴ്സിന്റെയും ടി.എന്‍. റോക്കേഴ്സിന്റെയും നടത്തിപ്പുകാരായ  ജോണ്‍സണ്‍, ജോണ്‍ എന്നിവരെയും പിടികൂടി. ഇവര്‍ക്ക് പരസ്യം നല്‍കുന്ന ഏജന്‍സിയെ കേന്ദ്രീകരിച്ച്  ദീര്‍ഘനാളായി നടത്തിയ അന്വേഷണമാണ് ആന്റി പൈറസി രംഗത്തെ പ്രധാന അറസ്റ്റിലേക്ക് നയിച്ചത്.

2013ലിറങ്ങിയ പ്രേമം മുതല്‍ ഇവര്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. കാര്‍ത്തിയുടെ ഒരു ബാങ്ക് അക്കൗണ്ട് മാത്രം പരിശോധിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു കോടിയിലേറെ രൂപ കൈക്കലാക്കിയതായി കണ്ടെത്തി. ഇവര്‍ക്ക് സിനിമകളെത്തിച്ച് നല്‍കിയവരെക്കുറിച്ച് അന്വേഷണം തുടങ്ങി. പൈറസി സെല്‍ ഡിവൈ.എസ്.പി  രാഗേഷ് കുമാര്‍, ഇന്‍സ്പെക്ടര്‍ പി.എസ്. രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.