വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം കത്തിച്ചു, സമരക്കാരെ നീക്കി

കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരിൽ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം കത്തിച്ചു. സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. ബൈപാസ് സർവേയ്ക്കെതിരെ ആത്മഹത്യാ ഭീഷണി മുഴക്കി സമരവുമായി വയൽകിളി പ്രവർത്തകർ രാവിലെയാണ് രംഗത്തെത്തിയത്. ഉദ്യോഗസ്ഥർ കീഴാറ്റൂർ വയലിൽ സർവേ നടത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച് അമ്പതോളം പ്രതിഷേധക്കാരാണ് വയലിൽ സമരം ചെയ്തത്. 

ഡീസലും മണ്ണെണ്ണയും ദേഹത്തൊഴിച്ചാണ് മുദ്രാവാക്യം വിളിച്ചത്. പൊലീസും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും വയൽകിളി പ്രവർത്തകരുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരം കണ്ടെത്താനായില്ല. നാളെ രാവിലെ ചർച്ച നടത്താമെന്ന് ജില്ലാ കലക്ടർ ഉറപ്പ് നൽകിയെങ്കിലും ബൈപാസിന്റെ ഭാഗമായി മറ്റിടങ്ങളിൽ നടത്തുന്ന സർവേ നിറുത്തിവയ്ക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുക്കുകയായിരുന്നു. കുറ്റിക്കോൽ, കൂവോട് പ്രദേശങ്ങളിലാണ് സർവേ നടക്കുന്നത്.