പട്ടിണി മാറ്റേണ്ടവര്‍ പട്ടിണിയില്‍; ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ ശമ്പളമില്ല

വണ്ടിക്കൂലിക്കുപോലും പണമില്ലാതെ സംസ്ഥാനത്ത് ദാരിദ്ര്യ ലഘൂകരണവിഭാഗത്തിലെ ജീവനക്കാര്‍. ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ ദാരിദ്ര്യ ലഘൂകരണവിഭാഗത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് രണ്ടുമാസം കഴിഞ്ഞു. ഇതോടെ ശമ്പളത്തിനും ഓഫീസ് ആവശ്യത്തിനും ഫണ്ട് ആവശ്യപ്പെട്ട് പലജില്ലകളിലും പ്രൊജക്ട് ഡയറക്ടര്‍മാര്‍ ഗ്രാമവികസന കമ്മിഷണര്‍ക്ക് കത്തുനല്‍കി. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതും സംസ്ഥാനസര്‍ക്കാര്‍ താല്‍പര്യം കാട്ടാത്തതുമാണ് പ്രതിസന്ധിക്ക് കാരണം.

ദാരിദ്ര്യ നിര്‍മാര്‍ജനമാണ് ജോലിയെങ്കിലും സംസ്ഥാനത്തെ ദാരിദ്ര്യ ലഘൂകരണവിഭാഗത്തിലെ ജീവനക്കാര്‍ മുഴുപട്ടിണിയിലായ അവസ്ഥയിലാണ്. ശമ്പളം കിട്ടിയിട്ട് രണ്ടുമാസം കഴിഞ്ഞു. ജില്ലാ ഗ്രാമവികസന ഏജന്‍സി അഡ്മിനിസ്ട്രേഷന്‍ അക്കൗണ്ടില്‍ നിന്ന് ആവശ്യത്തിന് പണം ലഭിക്കാതെവന്നതോടെയാണ് ഈ നില. ശമ്പളംനിലച്ചതോടെ ജീവതം പ്രതിസന്ധിയിലായെന്ന് ജീവനക്കാര്‍.

ശമ്പളമില്ലാത്തതിനാല്‍ പല ഓഫീസുകളിലും ജീവനക്കാര്‍ മറ്റുഓഫീസുകളിലേക്ക് മാറ്റത്തിന് ശ്രമിച്ചുതുടങ്ങി. തൊഴിലുറപ്പുപദ്ധതി, പ്രധാനമന്ത്രി ഭവനപദ്ധതി, ലൈഫ്മിഷന്‍ തുടങ്ങി കേന്ദ്ര സംസ്ഥാന പദ്ധതികളുടെ നിര്‍വഹണവും മേല്‍നോട്ടവും നടത്തുന്നത് അതതുജില്ലകളിലെ ദാരിദ്ര്യലഘൂകരണ വിഭാഗമാണ്. ജില്ലാപഞ്ചായത്തിന്റെ പദ്ധതികളും ഇവര്‍നടത്തുന്നു. പി.എസ്.സി വഴി സ്ഥിരനിയമനം ലഭിച്ച ഗ്രാമവികസനവകുപ്പ് ജീവനക്കാരാണ് ദാരിദ്ര്യലഘൂകരണ വിഭാഗത്തിലുള്ളത്.