മന്ത്രിയറിയാതെ സെക്രട്ടറിയെ മാറ്റിയ തീരുമാനം പിൻവലിച്ചു

റവന്യൂ മന്ത്രി അറിയാതെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയെ മാറ്റിയ തീരുമാനം പിന്‍വലിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തിലുള്ള അതൃപ്തി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ , മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിക്ക് പറ്റിയ വീഴ്ചയാണെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ വിശദീകരണം.

ഭൂമി പ്രശ്നങ്ങള്‍ സംബന്ധിച്ച പ്രധാനപ്പട്ട ജോലി നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥയെ അകാരണമായി മാറ്റിയതിലുള്ള അതൃപ്തി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞു. ചീഫ് സെക്രട്ടറിക്ക് പറ്റിയവീഴ്ചയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. തുടര്‍ന്ന് സി.എ.ലതയെ മാറ്റാനുള്ള തീരുമാനം റദ്ദുചെയ്യാന്‍  തീരുമാനിച്ചു.റവന്യൂമന്ത്രി പങ്കെടുക്കാതിരുന്ന കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ വെച്ചാണ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സി.എ.ലതയെ മാറ്റിയത്. പകരം കെ.എന്‍.സതീഷിനെ നിയമിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥയെ വകുപ്പ് മന്ത്രിയുടെ അറിവോടെയല്ലാതെ മാറ്റിയതില്‍ സിപിഐക്ക് കടുത്ത അതൃപ്തി ഉണ്ടായി. മിച്ചഭൂമി കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സി.എ .ലത മികവുകാട്ടിയിരുന്നു. കൂടാതെ ഭൂപരിഷ്ക്കരണവും അനുബന്ധ പ്രശ്നങ്ങളും മിച്ചഭൂമിയുടെ  വിതരണം, കൈയ്യേറ്റം തുടങ്ങി സങ്കീര്‍ണ്ണമായ കാര്യങ്ങളും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ ചുമതലയാണ്. താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ചുമതലയുമുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് സി.എ.ലതയെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിസ്ഥാനത്ത് നിലനിറുത്താന്‍ തീരുമാനിച്ചത്. 

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനവും മാറ്റവും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കുന്നത്. റവന്യൂവകുപ്പിന്റെ ചുമതലയുള്ള അഡിഷണല്‍ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ വ്യക്തിപരമായ ആവശ്യത്തിന് അവധിയില്‍ പോയപ്പോള്‍, പകരം ചുമതല ടോം ജോസിന് നല്‍കിയതും റവന്യൂ മന്ത്രിയെ അറിച്ചിരുന്നില്ല. ഇതിലുള്ള അതൃപ്തി ഇ.ചന്ദ്രശേഖരന്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു