നീലക്കുറിഞ്ഞി വിവാദം: കയ്യേറ്റക്കാരെ ഒഴിപ്പിക്കില്ലെന്ന് മന്ത്രി

ഇടുക്കി നീലക്കുറിഞ്ഞി ഉദ്യാനത്തിൽ രേഖകൾ ഉള്ള ചെറുകിടക്കാരെ നിർബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനംമന്ത്രിയുടെ റിപ്പോർട്ട്. ഒഴിയാൻ തയാറാകുന്നവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. മന്ത്രിസഭാ ഉപസമിതിയുടെ മൂന്നാർ സന്ദർശനത്തിനുശേഷം തയാറാക്കിയ റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറി. 

ഉദ്യാനത്തിൽ ഉൾപ്പെട്ട രേഖകൾ ഉള്ള ചെറുകിടക്കാരെ നിർബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്നാണ് വനംമന്ത്രിയുടെ റിപ്പോർട്ടിലെ പ്രധാനശിപാർശ. സ്വമേധയാ ഒഴിഞ്ഞുപോകാൻ തയാറാകുന്നവരുടെ പുനഃരധിവാസത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കണം. തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന കടവരി മേഖലയിൽ നിരവധി കർഷകരുണ്ട്. ഇവരെ ഒഴിപ്പിക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ട് പറയുന്നു. 

സങ്കേതം നിലവിൽ വരുമ്പോൾ ഈ മേഖല വനനിയമത്തിന്റെ പരിധിയിൽ വരും. ഭാവിയിൽ റോഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാനാവില്ല. കോവിലൂർ മേഖലയെ പൂർണമായും കുറിഞ്ഞി സങ്കേതത്തിൽ നിന്ന് ഒഴിവാക്കണം. വട്ടവട, കൊട്ടക്കമ്പൂർ എന്നീ വില്ലേജുകളിലുള്ളവർക്ക് ഭാഗികമായി പ്രയോജനം ലഭിക്കുംവിധമാണ് വനംമന്ത്രി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വിശദമായി സർവേ നടത്തിയ ശേഷം മാത്രം ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കാം. കൃത്രിമ രേഖ ചമച്ചതും കൈയേറ്റം തെളിഞ്ഞതുമായ പ്രദേശങ്ങളിൽ ഗ്രാന്റിസ് വെട്ടിമാറ്റി വനവത്കരണം നടപ്പിലാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് നൽകുന്നതിന് മുമ്പാണ് സ്വന്തം നിലയ്ക്കുള്ള വനംമന്ത്രിയുടെ നീക്കം