ചെറുവള്ളി സർക്കാരിന്‍റെ ഭൂമി; സിവിൽകോടതിയെ സമീപിക്കും; റവന്യൂമന്ത്രി

ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി  എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭൂമി തന്നെയെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉടമസ്ഥാവകാശം ഉറപ്പിക്കാന്‍ സിവില്‍കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. എന്നാല്‍ എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം സഭക്കാണെന്ന് ബിലീവേഴ്സ് ചര്‍ച്ച് അറിയിച്ചു.  

2263 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമൊന്നുമില്ലെന്നും പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയാണിതെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഹാരിസണ്‍മലയാളത്തിന്‍റെ കൈവശമുള്ള ഭൂമിയും അവര്‍വിറ്റഭൂമിയും സര്‍ക്കാര്‍ഭൂമിയാണെന്ന് ഉറപ്പിക്കാന്‍ സിവില്‍കോടതിയെ സമീപിക്കാന്‍മാത്രമാണ് ഹൈക്കോടി ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായും ബിലീവേഴ് ചര്‍ച്ചിന് അവകാശപ്പെട്ടതാണെന്നും സഭയുടെ വക്താവ് പറഞ്ഞു. ഭൂമിഏറ്റെടുക്കുന്നതിന് മുന്നോടിയായി ഭൂമിവിലയുടെ പകുതി കോടതിയില്‍കെട്ടിവെക്കുന്നത് കേന്ദ്രനിയമപ്രകാരമാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ചെറുവള്ളി എസ്റ്റേറ്റ് തര്‍ക്കഭൂമിയാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണ് ഈ നടപടി. ഭവിയില്‍ ഈ തുക ബിലീവേഴ്സ് ചര്‍ച്ചിനോ ഹാരിസണോ നല്‍കി ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകനും ഇടയുണ്ട്