സമൂഹവ്യാപനം തടയൽ ദൗത്യം; പ്രതിരോധങ്ങളിൽ രാഷ്ട്രീയം കലർത്തരുത്: ഇ ചന്ദ്രശേഖരൻ

കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍ സമൂഹവ്യാപന സാധ്യത തടയലാണ് പ്രധാനദൗത്യമെന്ന് റവന്യമന്ത്രി ഇ.ചന്ദ്രശേഖരന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്നതായി മന്ത്രി വിമര്‍ശിച്ചു. കാസര്‍കോട്ട് റവന്യുമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് കോവിഡ് അവലോകനയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു.

ലോക്ഡൗണിന് ശേഷമുളള ജില്ലയിലെ സാഹചര്യമാണ്  യോഗത്തില്‍ വിലയിരുത്തിയത് . ജൂണ്‍ എട്ടിന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നടക്കം കൂടുതലാളുകള്‍ എത്തുമെന്നിരിക്കെ ജില്ലയിലെ ക്വാറന്റീന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും  ചര്‍ച്ചയായി. മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നതിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.  

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലും ചിലര്‍ രാഷ്ട്രീയം കലര്‍ത്തുന്നതായി മന്ത്രി പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ വിട്ടുനിന്നത് വിമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.   കാസര്‍കോട് ജില്ലാആസ്ഥാനത്ത്  ചേര്‍ന്ന യോഗത്തില്‍  വിവിധവകുപ്പുകളിലെ  ഉന്നതഉദ്യോഗസ്ഥരടക്കം  പങ്കെടുത്തു.