അൻപതിനായിരം പേർക്ക് പട്ടയം; കാലതാമസത്തിന് നടപടി: റവന്യൂ മന്ത്രി

അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍  സംസ്ഥാനത്ത് അമ്പതിനായിരം പേര്‍ക്ക് പട്ടയം നല്‍കുമെന്ന്  റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. തീരദേശം, വനം, തുറമുഖ മേഖലകളില്‍ പട്ടയ വിതരണത്തിലുള്ള കാലതാമസം പരിഹരിക്കാന്‍ ഉടന്‍ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഭൂമിത്ര പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

ജില്ലയില്‍ കാലങ്ങളായി പരിഹരിക്കാതെ കിടക്കുന്ന ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ്  ഭൂമിത്ര പദ്ധതി ആവിഷ്കരിച്ചത്.പദ്ധതിയുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും താലൂക്കടിസ്ഥാനത്തില്‍ ഡപ്യൂട്ടികലക്ടരുടെ നേതൃത്വത്തില്‍ അഞ്ചു വീതം വില്ലേജുകളെ ഉള്‍പ്പെടുത്തി അദാലത്തുകള്‍ സംഘടിപ്പിച്ചുവരികയാണ് .ഈ പദ്ധതിയുടെ ഒൗദ്യോദിക ഉദ്ഘാടനവും ജില്ലയിലെ പ‍ട്ടയ വിതരണവും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

1839 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു.സുനാമി പുനരധിവാസ പദ്ധതിയുെട ഭാഗമായി വിതരണം ചെയ്ത ഭൂമിക്കുള്ള പട്ടയവും നല്‍കി.അടുത്തമാര്‍ച്ചിനുള്ളില്‍ അമ്പതിനായിരം പേര്‍ക്ക് പട്ടയം നല്‍കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു കോഴിക്കോട് ജില്ലയില്‍ 9356 പേര്‍ക്ക് ഇതിനകം പട്ടയം നല്‍കിയിട്ടുണ്ട്. പട്ടയമേളയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍  അധ്യക്ഷനായി.