സിപിഎം-സിപിഐ പോര്; ഇ ചന്ദ്രശേഖരന്റെ പരുപാടി ബഹിഷ്ക്കരിച്ച് സിപിഎം

സി.പി.എം.സി.പി.ഐ പോര് ശക്തമാകുന്നതിനിടെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പങ്കെടുത്ത കാസർകോട്ടെ പൊതുപരിപാടിയിൽ സി.പി.എം പ്രതിനിധികളായ എം.പിയും എം.എൽ.എമാരും പങ്കെടുത്തില്ല. ഭിന്നശേഷിക്കാർക്കുള്ള സഹായവിതരണ ചടങ്ങിലാണ് സി.പി.എമ്മിലെ പ്രധാനനേതാക്കളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത്. അതേസമയം സി.പി.എം പ്രതിനിധിയായ ജില്ലാ പഞ്ചായത്തംഗം ചടങ്ങിൽ പങ്കെടുത്തു. 

കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള സഹായവിതരണ ചടങ്ങിലാണ് സി.പി.എമ്മിന്റെ മുൻനിര ജനപ്രതിനിധികൾ എത്താതിരുന്നത്. സൗഹൃദഭവനത്തിന്റെ താക്കോൽദാനം നിർവഹിക്കേണ്ട പി.കരുണാകരൻ എം പി, ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്യേണ്ട കെ.കുഞ്ഞിരാമൻ എം.എൽ.എ,കമ്പ്യൂട്ടർ വിതരണ ഉദ്ഘാടനം നിർവഹിക്കേണ്ട എം.രാജഗോപാലൻ എം.എൽ.എ എന്നിവർ ചടങ്ങിനെത്തിയില്ല. 

അതേസമയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ‍റിങ് കമ്മിറ്റി അധ്യക്ഷയും സി.പി.എം പ്രതിനിധിയുമായ അഡ്വ.എ.പി ഉഷ ചടങ്ങിനെത്തി. ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടി മന്ത്രിയുടെ സൗകര്യാർത്ഥമാണ് തിങ്കളാഴ്ചയിലേയ്ക്ക് മാറ്റിയത്. ഈ മാറ്റമാണ് മറ്റുജനപ്രതിനിധികൾക്ക് അസൗകര്യമുണ്ടാക്കിയതെന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാല്‍ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ കടുത്ത നിലപാടെടുത്ത സി.പി.ഐയൊടുള്ള പ്രതിക്ഷേധത്തിന്റെ ഭാഗമായി ഇ.ചന്ദ്രശേഖരനെ ബഹിഷ്ക്കരിക്കാന്‍ സി.പി.എം തീരുമാനിച്ചതായി ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബഹിഷ്കരണ വാർത്തകൾ സി.പി.എമ്മും, സി.പി.ഐയും നിഷേധിച്ചു.