പ്രാരാബ്ധങ്ങളിൽ പകച്ച് കൃഷ്ണപ്രസാദ്

വളരെ പരിതാപകരമാണ് ഈ കുടുംബത്തിന്റെ അവസ്ഥ. വാര്‍‌ത്ത കണ്ട് എന്തെങ്കിലും സഹായം കിട്ടിയാല്‍ അത് വലിയൊരു ആശ്വാസമാവും ഇവര്‍ക്ക്.

അമ്മക്കു പിന്നാലെ അഛനും മരിച്ചതോടെ സഹോദങ്ങളുടെ വിശപ്പകറ്റാന്‍ എന്തുചെയ്യണമെന്നറിയാതെ ജീവിത പ്രാരാബ്ദങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഒരു പത്തൊന്‍പതുകാരന്‍.കുറ്റിപ്പുറം പേരശന്നൂര്‍ സ്വദേശി കൃഷ്ണ പ്രസാദാണ് പ്രായപൂര്‍ത്തിയായ അനുജത്തിയേയും രണ്ടു കുഞ്ഞനുജന്‍മാരേയും ചേര്‍ത്തുപിടിച്ച് അടച്ചുറപ്പിലാത്ത വീട്ടില്‍ കഴിയുന്നത്.

ഒമ്പതാം വയസില്‍ പഠനം നിര്‍ത്തി ജീവിതം ഭാരം ചുമലിലേറ്റിയതാണ് കൃഷ്ണപ്രസാദ്.ഒന്നരവര്‍ഷം മുമ്പാണ് അമ്മ മരിച്ചത്. കഴിഞ്ഞമാസം അഛനും മരിച്ചു.പ്രായപൂര്‍ത്തിയായ അനുജത്തിയും പന്ത്രണ്ടും പതിനാലും വയസുള്ള കുഞ്ഞനുജന്‍മാരും തനിച്ചായി വീട്ടില്‍.പഞ്ചായത്തനുവദിച്ച പണം കൊണ്ടു ഉണ്ടാക്കിയതാണ് വീട്, പാതി പണിയേ നടന്നുള്ളൂ. ഒാലകൊണ്ടുള്ള  ഈ വാതിലാണ് ഏക സുരക്ഷ.കെട്ടിട നിര്‍മാണ ജോലിയിലൂടെ ലഭിക്കുന്ന തുഛമായ കൂലിയാണ് ഏക വരുമാനം. സഹോദരങ്ങളുടെ വിദ്യാഭ്യാസവും വീട്ടിലെ ചെലവും എല്ലാം ഇതില്‍ നിന്നുവേണം. അതിനിടയില്‍ വീണു കൈക്കു പരുക്കുപറ്റി. സഹോദരങ്ങളുടെ വിശപ്പകറ്റാന്‍   വേദന മറക്കുകയാണ്. 

മക്കള്‍ക്ക് കുടിവെള്ളമെങ്കിലും കിട്ടാന്‍ ഒറ്റക്ക് കിണര്‍ കുഴിക്കാന്‍ ഇറങ്ങിയതായിരുന്നു അഛന്‍. അതിനിടയിലാണ് അസുഖം വന്നത്. ഇതോടെ കിണറും പാതിവഴിയിലായി. കുടിവെള്ളത്തിനായി മറ്റുള്ളവരെ ആശ്രയിക്കുകയാണിവര്‍. ഇവരുടെ  സങ്കടം സര്‍ക്കാറും കണ്ടില്ലെന്ന് നടിക്കുകയാണ്.ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്ന ഈ കുടുംബത്തിന്റെ റേഷന്‍കാര്‍ഡ് എ.പി.എല്ലാണ്.