എസ്എംഎ ബാധിച്ച കുഞ്ഞിന് ചികിൽസയ്ക്കുള്ള തുക ലഭിച്ചില്ല; കനിവുതേടി മാതാപിതാക്കൾ

ബെംഗളൂരുവില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ചികില്‍സയ്ക്ക് ആവശ്യമായ തുക ഇനിയും ലഭിച്ചില്ല. ലക്ഷദ്വീപുകാരായ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞാണ് മരുന്നിനായി സുമനസുകളുടെ കനിവുതേടുന്നത്. 

ലക്ഷദ്വീപുകാരായ നാസര്‍–ജസീന ദമ്പതികളുടെ ഏക മകളായ ഇശല്‍ മറിയം ജനിച്ച് ഒരുമാസമായപ്പോഴേക്കും സ്പൈനല്‍ മസ്കുലര്‍ അട്രോഫിയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. മരുന്നിന്റെ വില, ബെംഗളൂരുവില്‍ സെയില്‍സ് എക്സിക്യുട്ടീവ് ആയ നാസറിന് താങ്ങാവുന്നതിലും അപ്പുറമായതോടെയാണ് സുമനസ്സുകളുടെ സഹായം തേടിയത്. മാധ്യമ വാര്‍ത്തകള്‍ കണ്ട് ഒട്ടേറെപ്പേര്‍ സഹായവുമായെത്തി. ഇതുവരെ രണ്ടേമുക്കാല്‍ കോടി രൂപ ലഭിച്ചു. എന്നാല്‍ മരുന്നിന് ഇനിയും പതിനഞ്ചുകോടിയോളം രൂപ ആവശ്യമുണ്ട്. കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ക്ക് ചലനശേഷി നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. വെന്റിലേറ്ററിലേക്ക് മാറ്റും മുന്‍പ് മരുന്ന് കിട്ടിയിട്ടേ പ്രയോജനമുള്ളൂ. 

എസ്.എം.എ ബാധിതനായ മാട്ടൂലിലെ മുഹമ്മദിനായി നാടൊന്നിച്ചതറിഞ്ഞതോടെയാണ് ഇവര്‍ക്കും പ്രതീക്ഷ നല്‍കിയത്. സഹായമഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇവര്‍ കത്തയച്ചിട്ടുണ്ട്.