അപകടത്തിൽ തലയ്ക്ക് പരുക്ക്; ശസ്ത്രക്രിയയ്ക്ക് പണമില്ല; കനിവുള്ളവർ കനിയണം

വാഹനാപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ഥി ചികില്‍സാ സഹായം തേടുന്നു. എറണാകുളം പോത്താനിക്കാട് സ്വദേശിയായ സിബിന്റെ ശസ്ത്രക്രിയയാണ് പണമില്ലാത്തതിനാല്‍ നീണ്ടുപോകുന്നത്. 

കഴിഞ്ഞ ഡിസംബര്‍ 25 നായിരുന്നു 21 വയസുകാരനായ സിബിന്‍ കുര്യന്റെ ബൈക്ക് അപകടത്തില്‍പെട്ടത്. തലയോട്ടിയുടെ ഒരു ഭാഗം അന്ന് ശസ്ത്രക്രിയ ചെയ്ത് മാറ്റി. പത്തു ലക്ഷം രൂപയോളം ചിലവിട്ട് മാസങ്ങള്‍ നീണ്ട ചികില്‍സ. ഇപ്പോള്‍   എഴുനേറ്റ് ഇരിക്കാനും, നടക്കാനുമൊക്കെ പറ്റുമെങ്കിലും , ഒാര്‍മ ശക്തി നഷ്ടപ്പെട്ടു, സംസാരിക്കാനും കഴിയുന്നില്ല. കര്‍ഷകരായ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് ഉള്ളതെല്ലാം  വിറ്റും, കടംവാങ്ങിയുമാണ് ഇതുവരെയുള്ള ചികില്‍സ നല്‍കിയത്. ഇനി  മൂന്ന് ലക്ഷം രൂപയുടെ ശസ്ത്രക്രിയ നടത്തണം.

ശസ്ത്രക്രിയ എത്രയും പെട്ടെന്ന് ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ലോക്ഡൗണായതുകൊണ്ട് കുടുംബത്തിനിപ്പോള്‍ മറ്റ് വരുമാനങ്ങളുമില്ല.  സുമനസുകള്‍ കനിഞ്ഞാല്‍ ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാം.