അഴിമതിയിൽ മുങ്ങിയ മലബാര്‍ സിമന്റ്സില്‍ നിര്‍ണായക തസ്തികളിൽ ആളില്ല

ഉദ്യോഗസ്ഥരുടെ ഒഴിവു നികത്താതെ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സില്‍ പ്രതിസന്ധി. പ്രധാനമായും ഇരുപതു ഒഴിവുകളിലാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി നിയമനം നടക്കാത്തത്. ദശാബ്ദങ്ങളായുളള അഴിമതികളിലൂടെ നൂറു കോടി രൂപയിലധികം നഷ്ടമായിട്ടും മാനേജുമെന്റു വിദഗ്ധരില്ലാതെയാണ് ഇപ്പോഴും കമ്പനിയുടെ പ്രവര്‍ത്തനം.  

മാനേജ്്്മെന്റ്ു വിദഗ്ധരെ ഉള്‍പ്പെടുത്തി മലബാര്‍ സിമന്റ്സിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ജോലി കാര്യങ്ങളില്‍ പ്രധാന തീരുമാനമെടുക്കുന്ന വര്‍ക്സ്് മാനേജര്‍ , സിമന്റ്സിന്റെ വാണിജ്യനയങ്ങള്‍ തീരുമാനിക്കുന്ന കൊമേഴ്സ്യല്‍ ജനറല്‍ മാനേജര്‍ , സാമ്പത്തിക അച്ചടക്കം നടപ്പിലാക്കേണ്ട ഫിനാന്‍സ് ജനറല്‍ മാനേജര്‍ ഇങ്ങനെ പ്രധാനചുമതലയുളള ഇരുപതു തസ്തികകളിലാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി ആളില്ലാത്തത്.

അഴിമതി ആരോപണങ്ങളും വിവാദ തീരുമാനങ്ങളുമൊന്നുമില്ലെങ്കിലും മലബാര്‍ സിമന്റ്്സിന്റ പ്രവര്‍ത്തനം ഇടതുസര്‍ക്കാരിന്റെ കാലത്തും ശരിയായിട്ടില്ല. വെറും രണ്ടുതവണമാത്രമാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടാന്‍ കഴിഞ്ഞത്. ഒരുമാസമായി ചെയര്‍മാന്‍ സ്ഥാനത്തും ആളില്ല.

പുതിയ ചെയര്‍മാന്‍ ചുമതലയേറ്റാലെ ബോര്‍ഡ് യോഗം കൂടാന്‍ സാധിക്കുകയുളളു. വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടവരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താതെ സ്ഥാപനത്തിന്റെ ദുഷ്പേര് മാറില്ലെന്നാണ് ചില അംഗങ്ങളുടെ അഭിപ്രായം. തൊണ്ണൂറുകളുടെ അവസാനത്തില്‍ വിദേശത്തുനിന്ന് കൽക്കരി ഇറക്കുമതി ചെയ്തതിലൂടെ 1.57 കോടി രൂപയില്‍ തുടങ്ങിയ അഴിമതിയാണ് മലബാര്‍ സിമന്റ്സിന് പേരുദോഷമുണ്ടാക്കിയത്. വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു ദശാബ്ദത്തിനിടെ നൂറു കോടിയിലധികം രൂപയുടെ അഴിമതി നടന്നു.