'പ്രവർത്തനം തടസ്സപ്പെടുത്തുന്നു': പരാതിയുമായി മലബാർ സിമന്റ്സ്; പ്രതിഷേധം

മലബാര്‍ സിമന്റ്സിന്റെ പ്രവര്‍ത്തനം ബോധപൂര്‍വം തടസപ്പെടുത്തി സ്വകാര്യ സിമന്റ് കമ്പനികള്‍ക്ക് വളരാന്‍ സര്‍ക്കാര്‍ അനുകൂല സാഹചര്യമൊരുക്കുന്നതായി ആക്ഷേപം. വ്യവസായമന്ത്രി നേരിട്ട് സന്ദര്‍ശിച്ചിട്ടും സ്ഥിരം എംഡിയെ നിയമിക്കുന്നതിനോ പ്രവര്‍ത്തനലാഭം തിരികെപ്പിടിക്കുന്നതിനോ ശ്രമങ്ങളില്ല. തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുക എന്ന ആവശ്യവുമായി എസ്ടിയു, ഐഎന്‍ടിയുസി യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. 

നൂറ്റി അറുപത് കോടിയലധികം രൂപയുടെ പ്രവര്‍ത്തന ലാഭം നേടി മികലിലേക്കുയര്‍ന്ന പൊതുമേഖല സ്ഥാപനം. നിലവില്‍ പത്ത് കോടിയിലധികം രൂപയുടെ നഷ്ടത്തിലാണ്. സ്ഥിതി തുടര്‍ന്നാല്‍ നഷ്ടക്കണക്ക് ഇനിയുമേറും. പ്രതിസന്ധിയുെട തോത് ഉയരും മുന്‍പ് സ്ഥിരം എംഡിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. സേവന വേതന വ്യവസ്ഥകളിലും പരിഷ്കരണം വേണം. വ്യവസായ വകുപ്പ് മനസ് വച്ചാല്‍ അധിക പരിശ്രമമില്ലാതെ മലബാര്‍ സിമന്റ്സിന്റെ മികവ് തിരികെപ്പിടിക്കാനാകും. 

സ്വകാര്യ കമ്പനികള്‍ കുത്തനെ സിമന്റ് വില കൂട്ടുമ്പോള്‍ മലബാര്‍ സിമന്റ്സിന്റെ നിലപാടാണ് പലപ്പോഴും വില കുറയ്ക്കാന്‍ കാരണം. ഈ രീതിയില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും ആശ്രയമായ സ്ഥാപനത്തെയാണ് നിസാര കാരണങ്ങള്‍ പറഞ്ഞ് പ്രതിസന്ധിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. എസ്ടിയു, ഐഎന്‍ടിയുസി യൂണിയനുകളുടെ സംയുക്ത പ്രതിഷേധം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.