മലബാര്‍ സിമന്റ്സ് അഴിമതി; സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റി; പരാതി

മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഒ.ശശിയെ മാറ്റിയത് കേസ് അട്ടിമറിക്കാനെന്ന് ആക്ഷന്‍ കൗണ്‍സില്‍. പ്രോസിക്യൂട്ടറെ മാറ്റിയതിന് എതിരെ മലബാര്‍ സിമന്റ്സ് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. 

മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ ഒട്ടേറെ കേസുകള്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ഈ കേസുകളില്‍ അഞ്ചു വര്‍ഷമായി ഹാജരാകുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഒ.ശശിയായിരുന്നു. എന്നാല്‍, പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചു. രാജ്മോഹന്‍ ആര്‍ പിള്ളയാണ് പകരം പ്രോസിക്യൂട്ടര്‍. ഈ നിയമനത്തിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആക്ഷേപം. 

മലബാർ സിമിൻസ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ചുള്ള കേസും അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് കുടുംബം ആരോപിച്ചു. വിചാരണ നടക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ആയതിനാല്‍ ഇവിടെ തന്നെയുള്ള പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം. കോഴിക്കോട് നിന്ന് പ്രോസിക്യൂട്ടര്‍ കേസിന് ഹാജാരാകുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണെന്നും അന്വേഷണ സംഘം വിശദീകരിച്ചു.