അഴിമതിക്കാർക്ക് കുടപിടിച്ച് സർക്കാർ; മലബാർ സിമന്റ്സിന്റെ വിജിലൻസ് റിപ്പോർട്ട് അട്ടിമറിച്ചു

വിജിലൻസ് കേസിൽ പ്രതികളായ മലബാർ സിമന്റ്സിലെ ഉദ്യോഗസ്ഥര്‍ക്കിപ്പോഴും ഇടതുസര്‍ക്കാരിന്റെ സംരക്ഷണം. പ്രതികൾ സർവീസിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിജിലൻസ് റിപ്പോർട്ട് വ്യവസായവകുപ്പ് അട്ടിമറിച്ചു. അഴിമതിക്കേസുകള്‍ സിബിെഎ അന്വേഷിക്കണമെന്ന ഹര്‍ജിയിയിലും നയം വ്യക്തമാക്കാതെ ഫയല്‍ വൈകിപ്പിക്കുന്നതായാണ് ആക്ഷേപം.

മലബാര്‍ സിമന്റ്സ് മുൻ എംഡി കെ.പത്മകുമാര്‍ ഒഴികെ അഴിമതി കേസില്‍ പ്രതികളായ ഒരാളെപ്പോലും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താനോ കൃത്യമായ അന്വേഷണം നടത്തി കോടതി നടപടികളോട് സഹകരിക്കാനോ വിജിലന്‍സിനോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട ആറു ഉന്നത ഉദ്യോഗസ്ഥരാണ് മലബാര്‍സിമന്റിസിന്റെ പ്രധാനചുമതലകളില്‍ ഇപ്പോഴുമുളളത്. ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ ജി വേണുഗോപാല്‍,ലീഗൽ ഒാഫിസർ പ്രകാശ് ജോസഫ് , മെറ്റീരിയൽസ് ഡപ്യൂട്ടി മാനേജർ ജി.നമശിവായം, ജനറൽ മാനേജർ മുരളീധരന്‍ , ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അബ്ദുല്‍ സമദ് , പ്രോജക്ട് എന്‍ജിനീയര്‍ ബി അജിത്കുമാര്‍ ഇങ്ങനെ സംരക്ഷിക്കപ്പെടുന്നവരേറെ. ഇതേ ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും മാറ്റണമെന്നും വിജിലൻസ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിെയങ്കിലും വ്യവസായവകുപ്പ് ചെവിക്കൊണ്ടില്ല. ഇതിലൂടെ ഹൈക്കോടതിയുടെ പരിഗണനയിലിരുന്ന മിക്കകേസുകളും വൈകിപ്പിച്ചെന്നു മാത്രമല്ല പല രേഖകളും പൂഴ്ത്തിയെന്നാണ് ആരോപണം. അഴിമതിയില്‍ സിബിെഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് മൂന്നുവര്‍ഷം പിന്നിട്ടതായി ഹര്‍ജിക്കാരന്‍ പറയുന്നു.

  

സസ്പെന്‍ഷനിലായ കെ.പത്മകുമാര്‍ വീണ്ടും മറ്റൊരു സ്ഥാപനത്തിലേക്ക് തിരികെയെത്താന്‍ ഹൈക്കോടതിയില്‍ എതിര്‍പ്പുപറയാതെ സര്‍ക്കാര്‍ സഹായിച്ചെന്നും ആക്ഷേപമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പ്രതികളെ സഹായിക്കുംവിധം ഭരണപരമായ ഇടപെടല്‍ നടത്തിയുമാണ് മലബാര്‍ സിമന്റ്സ് കേസുകളെ ഇടതുസര്‍ക്കാര്‍ ശരിയാക്കിയത്.