സഭയിലെ മൈക്കുകള്‍..! മേഴ്സിക്കുട്ടിയമ്മയേയും പിസി ജോര്‍ജിനെയും കൊട്ടി മുഖ്യമന്ത്രി

നിയമസഭയിൽ സീറ്റു മാറിയിരുന്നതിനു തന്നെ വിമർശിച്ച പി.സി. ജോർജിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി.സി.ജോർജിന്റെ അടി കഴിഞ്ഞ മുപ്പതിനായിരുന്നു എങ്കിൽ‌ മുഖ്യമന്ത്രിയുടെ തിരിച്ചടി ഇന്ന്.  

അന്ന് നടന്നത്

കഴിഞ്ഞ 30ന് നന്ദിപ്രമേയ ചർച്ചയിൽ പ്രസംഗിക്കവെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പി.സി. ജോർജിന്റെ കുറ്റപ്പെടുത്തൽ. നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയേണ്ട മുഖ്യമന്ത്രി തന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റു മാറി പിൻസീറ്റിൽ ഇരിക്കുന്നതു ശരിയല്ലെന്നു പി.സി. ജോർജ് പറഞ്ഞു. ഇതുകേട്ട മുഖ്യമന്ത്രി ഉടൻ എഴുന്നേറ്റ് തന്റെ സീറ്റിലേക്കു വന്നിരിക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു 'ഇതു പോലെ നാവുണ്ടായാൽ എന്തു ചെയ്യും. പലതും പറയാൻ തോന്നുന്നുണ്ട്. പക്ഷേ, പറയുന്നില്ല'.

ഇനി ഇന്ന് നടന്നത്

വി.കെ. ഇബ്രാഹംകുഞ്ഞിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെ പി.സി. ജോർജ് മുഖ്യമന്ത്രിക്കു പിന്നിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കു സമീപത്തായി വന്നിരുന്നു. തന്റെ പ്രസംഗത്തിനിടെ ജോർജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും സംഭാഷണം ഉച്ചത്തിൽ കേട്ടപ്പോൾ മുഖ്യമന്ത്രി സ്പീക്കറോടു പറഞ്ഞു 'സർ, രണ്ടു പേരുടെ സംസാരും ഇതിനിടെ കേൾക്കുന്നുണ്ട്. മൈക്ക് ഇല്ലാതെ തന്നെ ഉച്ചത്തിൽ ശബ്ദം കേൾപ്പിക്കാൻ കഴിവുള്ളവരാണ് രണ്ടു പേരും'. ഉടൻ ജോർജും മേഴ്സിക്കുട്ടിയമ്മയും സംസാരം നിർത്തി അച്ചടക്കമുള്ള കുട്ടികളായി. സഭയിൽ ചിരി പടർന്നു.