പുറംകടലില്‍ മരിച്ച രാജുമോന്‍റെ മൃതദേഹം രത്നഗിരി തുറമുഖത്തെത്തിച്ചു

പുറംകടലില്‍ മരിച്ച തിരുവനന്തപുരം കൊച്ചുതുറ സ്വദേശി രാജുമോന്‍റെ മൃതദേഹം മഹാരാഷ്ട്രയിലെ രത്നഗിരി തുറമുഖത്തെത്തിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആംബുലന്‍സില്‍ നാട്ടിലെത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കിയതോടെ മല്‍സ്യതൊഴിലാളികള്‍ പൂവാര്‍ വിഴിഞ്ഞം തീരദേശപാത ഉപരോധം അവസാനിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാതെ ഒപ്പമുള്ളവര്‍ അലയുന്ന വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത് 

മഹാരാഷ്ട്ര സര്‍ക്കാര്‍ അയച്ച സ്പീഡ് ബോട്ടാണ് മൂന്നുദിവസമായി രാജുമോന്റ മൃതദേഹവുമായി നടുക്കടലില്‍ അലഞ്ഞ ബോട്ടിനെ കെട്ടിവലിച്ച് രത്നഗിരി തീരത്തെത്തിച്ചത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതേദഹംപോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരും. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരും അവശനിലയിലാണ്. ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയശേഷം ബോട്ടില്‍ നാട്ടിലെത്തിക്കും. മല്‍സ്യതൊഴിലാളി പ്രതിനിധികളും ജില്ലാ കലക്ടറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. 

ശനിയാഴ്ചയാണ് ഗുജറാത്ത് പുറം കടലില്‍ മീന്‍പിടിക്കുന്നതിനിടെ രാജുമോന്‍ മരിച്ചത്. തിരികെ തീരത്തെത്താന്‍ ഏഴുദിവസം വേണമെന്നിരിക്കെ മീന്‍ സൂക്ഷിക്കുന്നതിനായി കൊണ്ടുപോയ െഎസ്പെട്ടിയില്‍ മൃതദേഹം വച്ച് കടലില്‍ അലയുകയായിരുന്നു ഒപ്പമുള്ളവര്‍. ഇക്കാര്യം മനോരമ ന്യൂസ് പുറത്തുവിട്ടെങ്കിലും മൃതദേഹം നാട്ടിലെത്തിക്കാന്‍ ആദ്യം സര്‍ക്കാരിന്റ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല. രണ്ടുദിവസമായിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് ബന്ധുക്കള്‍ രാവിലെ റോ‍ഡ് ഉപരോധിച്ചത്