രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം. ആദ്യദിനം 13 ലോകസിനിമകള്‍ ഉള്‍പ്പെടെ 15 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ദ ഇന്‍സള്‍ട്ടാണ് ഉദ്ഘാടന ചിത്രം. 

രാവിലെ പത്തുമണിക്കായിരുന്നു ആദ്യപ്രദര്‍ശനമെങ്കിലും, എട്ടുമണി കഴിഞ്ഞതോടെ സിനിമാ പ്രേമികള്‍ തിയേറ്ററുകളിലെത്തി. നീണ്ടനിരയില്‍ ക്ഷമയോടെ കാത്തിരുന്നാണ് എല്ലാവരും തിയേറ്ററുകളില്‍ കയറിയത്. സിനിമാ പ്രേമീകളായ അച്ഛന്റേയും മകന്റേയും കഥപറഞ്ഞ ചൈനീസ് ചിത്രം കിങ് ഓഫ് പീക്കിങ് ആദ്യദിനം മികച്ച പ്രതികരണം നേടി. ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനം കൂടിയായിരുന്നു ഇന്ന്. മേളക്കൊരുക്കിയ സൗകര്യങ്ങളിലും പ്രേക്ഷകര്‍ തൃപ്തരാണ്. 

ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ഐ.ആം നോട്ട് എ വിച്ചും മികച്ച അഭിപ്രായം നേടി. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരം അര്‍പ്പിച്ചാവും വൈകിട്ട് ഉദ്ഘാടനചിത്രം ദി ഇന്‍സള്‍ട്ട് പ്രദര്‍ശിപ്പിക്കുക. നടന്‍ പ്രകാശ് രാജ്, ബംഗാളി നടി മാധബി മുഖര്‍ജി എന്നിവര്‍ മുഖ്യാതിഥികളാകും.