മൂന്നാര്‍ ഭൂമി പ്രശ്നത്തില്‍ പോര്‍മുഖം തുറന്ന് സിപിഐ

മൂന്നാര്‍ സംരക്ഷണത്തില്‍  നിര്‍ണായക നീക്കവുമായി സിപിഐ. സംസ്ഥാന നേതാവ് പി.പ്രസാദ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. ഇടുക്കി ജില്ലയുടെ ചുമതല  വഹിക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് പി.പ്രസാദ്.  പരാതി സംസ്ഥാനനേതൃത്വം അറിഞ്ഞാണെന്ന് പ്രസാദിന്റെ നടപടിയില്‍ നിന്ന് വ്യക്തമാണ്.  

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും റവന്യൂ, വനം വകുപ്പുകളുമാണ്  എതിര്‍കക്ഷികള്‍. നിവേദിത പി.ഹരന്റെ റിപ്പോര്‍ട്ട് സഹിതമാണ് പരാതി. കയ്യേറ്റം വ്യാപകമാണെന്നും കയ്യേറ്റക്കാര്‍ രാഷ്ട്രീയസ്വാധീനമുള്ളവര്‍ ഒഴിപ്പിക്കലിനു തടസമാകുന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും സ്ഥലംമാറ്റുകയും ചെയ്യുന്നു. വനംവകുപ്പിന് വനമേഖലയില്‍ നിയന്ത്രണമില്ല. രേഖകളിലും ക്രമക്കേടുകളുണ്ട്. നിഷിപ്ത വനമേഖലയെ റവന്യൂ രേഖകളില്‍ വനമായി കാണിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. 

ഹര്‍ജി സി.പി.ഐ തീരുമാനപ്രകാരം: പി. പ്രസാദ്

മൂന്നാര്‍ സംരക്ഷണം ആവശ്യപ്പെട്ട ഹര്‍ജി സി.പി.ഐ തീരുമാനപ്രകാരമെന്ന് പി.പ്രസാദ് പ്രതികരിച്ചു. ഹരിത ട്രൈബ്യൂണല്‍  പരിഗണിക്കുന്ന കേസില്‍ കക്ഷി ചേരുകയാണ് ലക്ഷ്യം. ഇതിലൂടെ  കേസില്‍  സി.പി.ഐക്ക് പറയാനുളളത് ട്രൈബ്യൂണലിനെ അറിയിക്കും. മൂന്നാറില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ കുറച്ചുകൂടി ഇടപെടല്‍ ആവശ്യമാണ്. പോരായ്മകള്‍ ട്രൈബ്യൂണലിന്റെ ഇടപെടലിലൂടെ പരിഹരിക്കാനാകുമെന്നും പ്രസാദ് വിശദീകരിച്ചു

സര്‍ക്കാരിനോട് വിശദീകരണം തേടി

പി.പ്രസാദിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹരിത ട്രൈബ്യൂണല്‍ നോട്ടിസ്. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. മൂന്നാര്‍ കേസ് അടുത്തമാസം 12ന് ട്രൈബ്യൂണല്‍ പരിഗണിക്കും

സിപിഐ എന്തെങ്കിലും ചെയ്യട്ടെ: എം.എം.മണി

കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ആർക്കും തർക്കമില്ലെന്ന് മന്ത്രി എം.എം.മണി . സിപിഐ എന്തെങ്കിലും ചെയ്യട്ടെ. ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല.  രാഷ്ട്രീയനീക്കമായി വ്യഖ്യാനിക്കേണ്ടെന്നും മന്ത്രി മനോരമ ന്യൂസിനോട് പ്രതികരിച്ചു.