മെഡിക്കൽ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി തൃശൂര്‍ സ്വദേശിനി ഊഷ്മള്‍ ഉല്ലാസിനെ ആത്മഹത്യയിലെത്തിച്ചത് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെന്ന് സൂചന. കോളജിലെ വിദ്യാര്‍ഥികളുടെ ഫെയ്‌സ്ബുക്ക് പേജിലെ കമന്റുകളെ പിന്തുടര്‍ന്ന്പൊലീസ് അന്വേഷണവും ശക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഊഷ്മളയുടെ മൃതദേഹം വൈകിട്ട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കെ.എം.സി.ടി കണ്‍ഫെഷൻസ് എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി ഊഷ്മള്‍ കമന്റിടുന്നത്. സഹപാഠികള്‍ അധിക്ഷേപിച്ചുവെന്ന സൂചന ഈ പോസ്റ്റിലുണ്ട്. വെല്ലുവിളിയുടെ സ്വരവും വ്യക്തമാണ്. മാതാപിതാക്കള്‍ വിഷമിക്കരുതെന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. വിദ്യാര്‍ഥികൾക്ക് സ്വതന്ത്രമായി ആശയവിനിമയത്തിനുള്ള വേദിയായിട്ടാണ് ഫെയ്സ്ബുക്ക് പേജ് രൂപപ്പെടുത്തിയിരുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോഴിക്കോട് റൂറല്‍ എസ്.പി കോളജില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളില്‍ നിന്നും മൊഴിയെടുക്കും. ഊഷ്മളിന്റെ കുടുംബവും വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഊഷ്മള്‍ ആശുപത്രികെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയത്. തുടര്‍ന്ന് കെ.എം.സി.ടി ആശുപത്രിയില്‍ തന്നെചികിത്സയിലിരിക്കെ രണ്ടുമണിക്കൂറിന് ശേഷം മരിക്കുകയായിരുന്നു