താന്‍ കാരണം വിമാനം വൈകിയെന്ന വാര്‍ത്തകള്‍ തെറ്റ്: അല്‍ഫോണ്‍സ് കണ്ണന്താനം

ഇംഫാല്‍ വിമാനത്താവളത്തില്‍ താന്‍ കാരണം വിമാനം വൈകിയെന്ന മട്ടിലുളള ഇംഗ്ലീഷ് ചാനല്‍ വാര്‍ത്തകള്‍ തെറ്റെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വ്യോമഗതാഗതം നിര്‍ത്തിവച്ചിരുന്നു. വിമാനത്താവളത്തില്‍ കരഞ്ഞുകൊണ്ടിരുന്ന യാത്രക്കാരിയോട് അങ്ങോട്ടുപോയി കാര്യം അന്വേഷിച്ചപ്പോള്‍ , വൈകാരികമായി പ്രതികരിക്കുകയായിരുന്നുവെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം മനോരമന്യൂസിനോട് പറഞ്ഞു. 

വിമാനം വൈകല്‍ വിവാദത്തെ കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ വിശദീകരണൡം ഇങ്ങനെ. വിമാനത്താവളത്തില്‍ കരഞ്ഞുകൊണ്ടിരുന്ന സ്ത്രീയോട് അങ്ങോട്ടുപോയി കാരണം തിരക്കി. പട്നയിലെ ബന്ധുവിന്‍റെ മരണാനന്തരചടങ്ങുകള്‍ക്ക് പോകാനെത്തിയ സ്ത്രീ വൈകാരികമായി പ്രതികരിക്കുകയായിരുന്നു. 

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വ്യോമഗതാഗതം നിര്‍ത്തിവയ്ക്കാറുണ്ട്. ഇംഫാലിലും അതുതന്നെയാണ് സംഭവിച്ചത്. വസ്തുത ഇതായിരിക്കെ, യാത്രക്കാരി തട്ടിക്കയറുന്നതിന്‍റെ ദൃശ്യങ്ങള്‍ സഹിതം നല്‍കി, താന്‍ കാരണമാണ് വിമാനം വൈകിയെന്നാണ് ഇംഗ്ലീഷ് ചാനലുകള്‍ വാര്‍ത്ത നല്‍കിയതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.