ജനപ്രിയൻ അപ്രിയനായത് ഇങ്ങനെ

സിനിമാ ലോകത്തെ നായകന്‍റ റോളില്‍ നിന്ന് ജീവിതത്തിലെ വില്ലന്‍ വേഷത്തിലേക്ക് ദിലീപ് എത്തപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഒത്തുകൂടിയ സിനിമക്കാര്‍ക്കിടയിലെ പ്രധാനി, കേസിലെ മുഖ്യപ്രതിയായി മാറിയ കാഴ്ച ഒരു സസ്പെന്‍സ് സിനിമ കാണുന്ന ഉദ്വേഗത്തോടെയാണ് മലയാളികള്‍ കണ്ടു നിന്നത്. 

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി കൊച്ചിയില്‍ അണിചേര്‍ന്ന സിനിമക്കാര്‍ക്ക് നടുവില്‍ ഈ ഡയലോഗടിച്ച നായകനെ ആരും സംശയിച്ചിരുന്നില്ല. പക്ഷേ ഇതേവേദിയില്‍ വച്ചു തന്നെ ആക്രമണത്തിനു പിന്നിലെ ഗൂഡാലോചനയെ പറ്റി അടക്കം പറച്ചിലുകള്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. 

പള്‍സര്‍ സുനിയെ മുഖ്യപ്രതിയാക്കി കുറ്റപത്രം സമര്‍്പ്പിച്ചതോടെ എല്ലാം അവസാനിച്ചെന്നു കരുതിയിടത്താണ് സുനി ജയിലില്‍ നിന്ന് ദിലീപിനയച്ചതായി പറയപ്പെടുന്ന കത്ത് പുറത്തെത്തിയത്. പിന്നെ,പരസ്യ പ്രതിരോധവുമായി ഇറങ്ങേണ്ടി വന്നു നായകന്. 

ആരോപണങ്ങള്‍ ശക്തമായപ്പോള്‍ മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ പഴിച്ചു ദിലീപ്. ‍ ജൂണ്‍ ഇരുപത്തിയെട്ടിന് സുഹൃത്ത് നാദിര്‍ഷയ്ക്കും സഹായി അപ്പുണ്ണിക്കുമൊപ്പം ആലുവ പൊലീസ് ക്ലബില്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു കൂടി വിധേയനാകേണ്ടി വന്നതോടെ ദിലീപിന്‍റെ പ്രതിരോധങ്ങള്‍ കൂടുതല്‍ ദുര്‍ബലമായി. 

ആരാധകരുടെയും സിനിമാ ലോകത്തിന്‍റെയുമെല്ലാം കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് ജൂലായ് പത്തിന് താരം അഴിക്കകത്തായി. തെളിവെടുപ്പിനായി നാടാകെ പൊലീസ് വാഹനത്തില്‍ ചുറ്റിയ ജനപ്രിയനായകനെ,അപ്രീതിയോടെ ജനം കൂകിവിളിക്കുന്നതും പിന്നെ കേരളം കണ്ടു. 

താരരാജാവിന്‍റെ സിംഹാസനത്തില്‍ നിന്നും ആലുവ സബ്്ജയിലിലെ വെറും തടവുപുളളിയായി ദിലീപ് മാറിയത് അവിശ്വസനീയതോടെയാണ് മലയാളികള്‍ കണ്ടു നിന്നത്. പരോളിലിറങ്ങി പിതാവിന്‍റെ ശ്രാദ്ധകര്‍‍മങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്ന പ്രമാണിയായ മകനെ സിനിമയില്‍ മാത്രം കണ്ടു ശീലിച്ച മലയാളി ദിലീപിന്‍റെ ജീവിതത്തിലും ആ കാഴ്ച കണ്ട് അമ്പരന്നു. ഒടുവില്‍ എണ്‍പത്തിയഞ്ചു ദിവസം നീണ്ട ജയില്‍വാസത്തിനൊടുവില്‍ ആശ്വാസമായെത്തിയ ജാമ്യം തല്‍ക്കാലത്തേക്ക് നായകനും ആരാധകര്‍ക്കും പകര്‍ന്ന ആശ്വാസം ചെറുതായിരുന്നില്ല. അതെ ഇനി തെളിവുകള്‍ തീരുമാനിക്കും ദിലീപ് പ്രതി തന്നെയോ എന്ന്.