അടച്ചിട്ട കോടതി മുറിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു; കുറ്റം നിഷേധിച്ച് ദിലീപും ശരത്തും

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപും സുഹൃത്ത് ശരത്തും കോടതിയിൽ ഹാജരായി. തുടരന്വേഷണത്തിന് ശേഷമുള്ള അനുബന്ധ കുറ്റപത്രം ഇരുവരെയും വായിച്ചു കേൾപ്പിച്ചു. കേസിൽ ആദ്യം വിസ്തരിക്കേണ്ട 39 പേരുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി

ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപും, സുഹൃത്ത് ശരത്തും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായത്. തുടരന്വേഷണത്തിന് ശേഷം സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഇരുവരെയും  വായിച്ചു കേൾപ്പിച്ചു. അടച്ചിട്ട കോടതി മുറിയിലായിരുന്നു കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. തെളിവ് നശിപ്പിച്ച കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്. തെളിവു മറച്ചുവെച്ചു എന്നതാണ് ശരത്തിനെതിരെയുള്ള കുറ്റം. ഇരുവരും കുറ്റം നിഷേധിച്ചു. 

തുടർന്ന് ആദ്യം വിസ്തരിക്കേണ്ട 39  സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. നടി മഞ്ജു വാര്യർ, സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവർ ആദ്യഘട്ട പട്ടികയിലുണ്ട്. നവംബർ 3 ന്  കേസ് കോടതി വീണ്ടും പരിഗണിക്കും. വിചാരണ എന്ന് പുനരാരംഭിക്കുമെന്നും, സാക്ഷികളെ ഏതെല്ലാം ദിവസം വിസ്തരിക്കണമെന്നും കോടതി അന്ന് തീരുമാനിക്കും.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടത്തിയത്. 112 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുള്ള തുടരന്വേഷണ റിപ്പോർട്ടിൽ അന്വേഷണ സംഘം 300ൽപ്പരം അനുബന്ധ രേഖകളാണ് സമർപ്പിച്ചിരിക്കുന്നത്. നേരത്തെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്റെയും ശരത്തിന്റെയും ആവശ്യം കോടതി നിരാകരിച്ചിരുന്നു.

Actress abduction case: Actor Dileep and Sarath appeared in the court