മൂന്നാര്‍ ഹര്‍ത്താല്‍: പരക്കെ അക്രമം, മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം

ഇടുക്കിയിലെ പത്തു പഞ്ചായത്തുകളില്‍ മൂന്നാര്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മൂന്നാര്‍ ടൗണില്‍  സംഘര്‍ഷം. വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലകള്‍ ടാക്സി ഡ്രൈവറെ മര്‍ദിച്ചു. വിദേശ സഞ്ചാരികളുമായി എത്തിയ ടാക്സി ഡ്രൈവര്‍ കുട്ടനാണ് ആക്രമണത്തിന് ഇരയായത്. വിദേശ സഞ്ചാരികള്‍ക്കുനേരെ അസഭ്യവര്‍ഷവും നടത്തി. ആദ്യം കാഴ്ചക്കാരായി നിന്ന പൊലീസ് പിന്നീട് ഇടപെടാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിന്‍മാറിയില്ല. ഇത് പൊലീസും സമരാനുകൂലികളും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. അഞ്ചുപേരെ അറസ്റ്റുചെയ്തു. നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണമുണ്ടായി. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.അറസ്റ്റിലായ പ്രവര്‍ത്തകരെ  വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അതേസമയം ഹര്‍ത്താലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.