ഉമ്മൻചാണ്ടിക്കെതിരെ പോസ്റ്റിട്ട ജോയ് തോമസിനെതിരെ പ്രതിഷേധം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം എത്തും മുമ്പ് ഇടുക്കി കോൺഗ്രസിൽ പൊട്ടിത്തെറി. ഉമ്മൻചാണ്ടിക്കെതിരെ വാട്സാപ് ഗ്രൂപ്പുകളിൽ പോസ്റ്റിട്ട  കെപിസിസി അംഗം ജോയ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തി. പടയൊരുക്കം വേദിയിലെത്തിയാൽ ജോയ് തോമസിനെ കായികമായി നേരിടുമെന്നാണ് സമൂഹമാധ്യമങ്ങൾ വഴി പ്രവർത്തകരുടെ ഭീഷണി. 

രമേശ് ചെന്നിത്തല പടയൊരുക്കവുമായി തിങ്കളാഴ്ച ഇടുക്കി ജില്ലയിൽ പ്രവേശിക്കും. ഇതിന് മുന്നോടിയായാണ് ഇടുക്കി കോൺഗ്രസിൽ ജോയ് തോമസിനെതിരെയുള്ള പടയൊരുക്കം. ഉമ്മൻചാണ്ടിക്കെതിരായി വാട്സ്ആപ് ഗ്രൂപ്പുകളിൽ ജോയ്തോമസിട്ട പോസ്്റ്റോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കെ.കരുണാകരന്റെ ചിത്രമിട്ടശേഷം അദ്ദേഹത്തെ കരയിച്ചതിനുള്ള ശിക്ഷയാണ് ഉമ്മൻചാണ്ടി ഇന്ന് അനുഭവിക്കുന്നുതെന്ന് ഐ ഗ്രൂപ്പ് നേതാവായ ജോയ് തോമസ് അടിക്കുറിപ്പിട്ടു. ഇടുക്കി കോൺഗ്രസിന്റെ ഔദ്യോഗിക ഗ്രൂപ്പിന് പുറമെ നാല് മറ്റ് ഗ്രൂപ്പുകളിലും ജോയ് തോമസിന്റെ സന്ദേശമെത്തി. പ്രകോപിതരായ എ ഗ്രൂപ്പ് നേതാക്കളും അണികളും ജോയ് തോമസിനെതിരെ ശക്തമായി പ്രതികരിച്ചു. ഇതിനിടെ പടയൊരുക്കത്തിന്റെ അവലോക യോഗത്തിനായി തൊടുപുഴ ഓഫിസിലെത്തിയ ജോയ് തോമസിനെ യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ വളഞ്ഞു. ഒടുവിൽ മുതിർന്ന നേതാക്കൾ ഇടപെട്ട് ജോയ് തോമസിനെക്കൊണ്ട് മാപ്പ് പറയിച്ചാണ് പ്രശ്നം ഒതുക്കി തീർത്തത്. 

ഐ ഗ്രൂപ്പുകാരനായ ജോയ് തോമസിനോട് ഒരേ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് കാട്ടിയ മൃദു സമീപനം അണികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. ജോയ് തോമസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പ്രവർത്തകർ പരാതി അയച്ചു. പോസ്റ്റിട്ടതിന് പിന്നാലെ ജോയ് തോമസിനെ വാട്സാപ് ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കി.