മൂന്നാറിൽ സിപിഎമ്മിനെതിരെ പ്രത്യാക്രമണം ശക്തമാക്കി സിപിഐ

മൂന്നാറിൽ റവന്യൂ, വനം വകുപ്പുകൾക്കെതിരെ പോർമുഖം തുറന്ന സി പി എമ്മിനെതിരെ പ്രത്യാക്രമണം ശക്തമാക്കി സി പി ഐ. ഹൈറേഞ്ച് സംരക്ഷണ സമിതിയെ കൂട്ടുപിടിച്ചുള്ള സി പി എമ്മിന്റെ ഹർത്താൽ ആഹ്വാനം പട്ടയമേള അട്ടിമറിക്കാനാണെന്ന് ആരോപണം. ഹര്‍ത്താല്‍ വസ്തുതകള്‍ മനസിലാക്കാതെയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും ആരോപിച്ചു. 

മൂന്നാർ റവന്യൂ, വനം വകുപ്പുകൾക്കെതിരെ ജനവികാരം ഇളക്കിവിട്ട് സി പി ഐ യെ കടന്നാക്രമിക്കുകയായിരുന്നു സി പി എം ലക്ഷ്യം. കൊട്ടാക്കമ്പൂരിൽ എംപിയുടെ പട്ടയം റദ്ദാക്കിയ നടപടി സി പി എം റവന്യൂ വകുപ്പിനെതിരെ മുഖ്യ ആയുധമാക്കി. സി പി എമ്മിനെതിരെ നോട്ടിസ് ഇറക്കി പരസ്യമായി പ്രതികരിക്കുകയാണ് സി പി ഐ. കയ്യേറ്റക്കാരിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം അട്ടിമറിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് സിപിഐ ആരോപിച്ചു. മൂന്നാറിലെ പ്രശ്നങ്ങൾക്ക് കാരണം സി പി എമ്മാണെന്നും സി പി ഐ പറഞ്ഞുവെക്കുന്നു. ഹർത്താലിനോട് സഹകരിക്കാനില്ലെന്ന സി പി ഐ ക്ക് പിന്നാലെ കോൺഗ്രസും വ്യക്തമാക്കി. 

മൂന്നാറിൽ പൂർണമായും ഒറ്റപ്പെട്ട സിപിഎം സബ് കലക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ്.