‘ജനാധിപത്യത്തിന്‍റെ ഉത്സവം ആഘോഷമാക്കണം’; അഹമ്മദാബാദില്‍ വോട്ട് ചെയ്ത് മോദി

ജനാധിപത്യത്തിന്‍റെ ഉത്സവം ആഘോഷമാക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ടുരേഖപ്പെടുത്തി. റോഡ് ഷോയുടെ പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് അമിത് ഷായ്ക്കൊപ്പം പ്രധാനമന്ത്രി പോളിങ് ബൂത്തിലെത്തിയത്. ഗുജറാത്തിലെ 25 മണ്ഡലങ്ങളിലും  ഭേദപ്പെട്ട നിലയില്‍ പോളിങ് പുരോഗമിക്കുകയാണ്.

റോഡിനിരുവശവും തിങ്ങിയ ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് മോദിയുടെ കടന്നുവരവ്. ഒപ്പം ഗാന്ധിനഗറിലെ സ്ഥാനാര്‍ഥി കൂടിയായ അമിത് ഷാ. അഹമ്മദാബാദിലെ നിഷാന്‍ സ്കൂളിലെ പോളിങ് ബൂത്തിലേക്കുള്ള വരവ് ഒരു റോഡ് ഷോയുടെ പ്രതീതിയുണ്ടാക്കി. വനിതാ ഓഫിസര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള ബൂത്ത്. തൊഴുകൈയോടെ സ്വീകരണം. വോട്ടുചെയ്തശേഷം വീണ്ടും ജനങ്ങളുടെ ഇടയിലേക്ക് 

കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കി. സ്ത്രീകളില്‍ ചിലര്‍ രാഖി കെട്ടി. ജനാധിപത്യത്തിന്‍റെ ഉത്സവം ആഘോഷമാക്കണമെന്നും റെക്കോഡ് പോളിങ് രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം..

പോര്‍ബന്ധറിലെ സ്ഥാനാര്‍ഥി മന്‍സൂഖ് മാണ്ഡവ്യ, മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ എന്നിവര്‍ വോട്ടുരേഖപ്പെടുത്തി. ആദ്യ ആറുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഭേദപ്പെട്ട പോളിങ്ങാണ് സംസ്ഥാനത്ത്. സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടതോടെ 25 ഇടങ്ങളിലേക്കാണ് പോളിങ്. ഇന്ത്യമുന്നണിയുടെ ഭാഗമായി എഎപിയുമായി ചേര്‍ന്നാണ് കോണ്‍ഗ്രസിന്‍റെ മല്‍സരം. രജപുത്ര വിവാദം അടക്കം ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ പരമ്പരാഗത ശക്തികേന്ദ്രം മൂന്നാംതവണയും തൂത്തുവാരാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബിജെപി.