ജാര്‍ഖണ്ഡില്‍ മന്ത്രിയുമായി ബന്ധമുള്ള വീട്ടില്‍ നിന്ന് കള്ളപ്പണ വേട്ട; ഇതുവരെ എണ്ണിയത് 30 കോടി; എണ്ണല്‍ തുടര്‍ന്ന് ഇഡി

ലോക്സഭാ തിരഞ്ഞെടുപ്പിനെ പ്രതിപക്ഷത്തിന് തിരിച്ചടിയായി ജാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടുജോലിക്കാരന്‍റെ വസതിയില്‍ വന്‍ കള്ളപ്പണ വേട്ട. മുപ്പത് കോടിയോളം രൂപയാണ് റാഞ്ചിയിലെ വിവിധ ഇടങ്ങളില്‍ നിന്നായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. പണം പൂര്‍ണമായും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. പ്രതിപക്ഷം കൊള്ളയടിച്ച പണം താന്‍ തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കുമിഞ്ഞുകൂടിക്കിടക്കുന്ന നോട്ടുകെട്ടുകള്‍. നോട്ട് എണ്ണുന്ന യന്ത്രം ഉപയോഗിച്ച് തിട്ടപ്പെടുത്താന്‍ കൈമെയ് മറന്ന് പരിശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍. ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആലംഗിര്‍ ആലത്തിന്‍റെ പഴ്സനല്‍ സ്റ്റാഫ് സഞ്ജീവ് ലാലിന്‍റെ വീട്ടുജോലിക്കാരന്‍റെ വസതിയില്‍ നടത്തിയ റെയ്ഡിന്‍റെ ദൃശ്യങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി. 

റാഞ്ചിയിലെ വിവിധ ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. കേസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജാര്‍ഖണ്ഡ് ഗ്രാമ വികസന വകുപ്പ് ചീഫ് എന്‍ജിനിയര്‍ വിരേന്ദ്ര കെ റാമിനെ അറസ്റ്റു ചെയ്തിരുന്നു. നോട്ട് മലകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലെ റാലിയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ കൊള്ള അവസാനിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നത്. തന്നെ അവഹേളിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അന്വേഷണം നടക്കട്ടെ നിലവില്‍ പ്രതികരിക്കാനില്ലെന്ന് ആലംഗിര്‍ ആലം പറഞ്ഞു.